ഐഫോണിനൊരു എതിരാളിയായി റെഡ് ഫോൺ വരുന്നു. പ്രമുഖ സിനിമാ ക്യാമറ നിര്‍മാതാവായ റെഡ് തങ്ങളുടെ സ്വന്തം സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ‘ഹൈഡ്രജന്‍ വണ്‍’ എന്നാണ് ഫോണിന്റെ പേര്. 2005ല്‍ ജിം ജാനഡ് സ്ഥാപിച്ചതാണ് റെഡ് മൂവി ക്യാമറ നിര്‍മാണ കമ്പനി. മൂവി ക്യാമറ കമ്പനികളിലെ ആപ്പിള്‍ എന്നാണ് ചിലര്‍ റെഡ് കമ്പനിയെ വിശേഷിപ്പിക്കുന്നത്.
തങ്ങളുടെ ഹൈഡ്രജന്‍ വണ്‍ വ്യക്തിപരമായ അശയ വിനിമയത്തിന്റെ ഭാവി നിര്‍ണ്ണയിക്കുമെന്നാണ് പറയുന്നത്. ഹോളോഗ്രാഫിക് മള്‍ട്ടി-വ്യൂ, 2D, 3D, AR, VR, MR എല്ലാം തങ്ങളുടെ ഫോണില്‍ കിട്ടും. കൂടാതെ, ഫോട്ടോ എടുക്കുന്ന രീതിയും എന്നന്നേക്കുമായി മാറും, ഇതാണ് റെഡ് തങ്ങളുടെ ഫോണിനെ കുറിച്ചു പറയുന്നത്.
ആന്‍ഡ്രോയിഡില്‍ ഇറക്കുന്ന ഹൈഡ്രജന്‍ വണ്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പരമ്പരാഗത ചിന്തകളെ തകര്‍ത്തെറിയാനുള്ള ചില ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നാണ് റെഡ് അവകാശപ്പെടുന്നത്.
5.7 ഇഞ്ച് വലിപ്പമുള്ള ഹോളോഗ്രാഫിക് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. നാനോടെക്‌നോളജിയുടെ പിന്‍ബലത്തില്‍ സൃഷ്ടിച്ച സ്‌ക്രീനില്‍ ഇന്നു വരെ സ്മാര്‍ട്ട്‌ഫോണില്‍ കണ്ടിട്ടില്ലാത്ത രീതിയില്‍ 3D കണ്ടെന്റ് ഉണ്ടാകും. അതോടൊപ്പം സാധാരണ 2D കണ്ടെന്റും ഹോളോഗ്രാഫിക് മള്‍ട്ടി-വ്യൂ കണ്ടെന്റും കാണാം.
സാധാരണ സ്‌റ്റീരിയോ സ്വരത്തെ H3O അല്‍ഗോറിതം ഉപയോഗിച്ചു പൊലിപ്പിച്ച് ബഹുമാന സ്വരമായി തീര്‍ക്കുന്നതും ഹൈഡ്രജന്‍ ഫോണിന്റെ ശേഷികളില്‍ ഒന്നായിരിക്കും. ഹെഡ്‌ഫോണിന് 5.1 സ്പീക്കറുകളുടെ കഴിവു കിട്ടിയാലെന്നവണ്ണം ഉപയോക്താവിനെ അമ്പരപ്പിക്കും തങ്ങളുടെ ഫോണ്‍ എന്നാണ് കമ്പനി പറയുന്നത്.
ഒരു പക്ഷെ, ആപ്പിള്‍ ശ്രദ്ധിക്കാത്തതും ചില ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ കാര്യാമായി എടുത്തിട്ടുള്ളതുമായ ഒരു സങ്കല്‍പ്പമാണ് മോഡ്യുലര്‍ ഫോണ്‍ എന്നത്. പുതിയ ഫോണ്‍ വാങ്ങുന്നതിനു പകരം അക്‌സസറികളിലൂടെ പഴയ ഫോണിന് കൂടുതല്‍ ശക്തി പകരുക എന്നതാണ് ഈ സങ്കല്‍പ്പം.
ഹൈഡ്രജന്‍ വണ്‍ മീഡിയ മെഷീന്‍ എന്നു മുഴുവന്‍ പേരിട്ടിരിക്കുന്ന ഫോണ്‍ രണ്ടു രീതിയില്‍ നിർമിക്കും. അലൂമിനത്തില്‍ നിര്‍മിക്കുന്ന ഫോണിന് 1195 ഡോളറാണു വിലയെങ്കില്‍ ടൈറ്റാനിയത്തില്‍ തീര്‍ത്ത ഫോണിന് 1595 ഡോളറായിരിക്കും വില. ടാക്‌സ് പുറമെ. ഈ വില താത്കാലികമായിരിക്കുമെന്നും റെഡ് മുന്നറിയിപ്പു തരുന്നുണ്ട്. ഈ വിലയ്ക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍, ഹൈഡ്രജന്‍ വണ്‍ മീഡിയ മെഷീന്‍, USB-C കേബിള്‍, ചാര്‍ജര്‍ എന്നിവയായിരിക്കും ലഭിക്കുക. 2018 ഏപ്രിലിനു മുൻപ് ഫോണ്‍ ഇറക്കാനാണ് ശ്രമിക്കുന്നതെന്നാണ് റെഡ് പറയുന്നത്.
Post Your Comments