മംഗളൂരു: രോഗിയായ പത്തുവയസ്സുകാരിയെ നാലു വർഷമായി ദേവദാസിയാക്കി. സംഭവം പുറത്തായതിനെ തുടർന്ന് മാതാപിതാക്കള്‍ക്കും ക്ഷേത്രപൂജാരിക്കുമെതിരെ കേസ് എടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിടപെട്ട് നാലുവര്‍ഷമായി ദേവദാസിയായി തുടരുകയായിരുന്ന പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍നിന്ന് മോചിപ്പിച്ചു. ആയിരത്തോളം പെണ്‍കുട്ടികളെയാണ് പൂജാരി നാല്‍പ്പതു വര്‍ഷത്തിനിടെ ദേവദാസികളാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സംഭവം നടന്നത് വടക്കന്‍ കര്‍ണാടകയില്‍ കലബുറുഗി ജില്ലയിലെ ചിത്താപ്പൂരിലാണ്. ദേവദാസിനിരോധനനിയമവും പോസ്‌കോയും അനുസരിച്ച് മാതാപിതാക്കള്‍ക്കും അവിടത്തെ സാമാവ്വ ക്ഷേത്രത്തിലെ പൂജാരി ശരണപ്പയ്ക്കുമെതിരെ കേസെടുത്തു. മൂവരും അറസ്റ്റിലായി. മാത്രമല്ല സംഭവമറിഞ്ഞിട്ടും പോലീസില്‍ വിവരം നല്‍കാതിരുന്ന പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2013-ലാണ് ഗുരുതരമായ ആസ്ത്മയുള്ള പെണ്‍കുട്ടിയെ രോഗശമനത്തിനായി മാതാപിതാക്കള്‍ സാമാവ്വ ക്ഷേത്രത്തില്‍ കൊണ്ടുവന്നത്. അന്ന് കുട്ടിക്ക് ആറുവയസാണ് പ്രായമുണ്ടായിരുന്നത്. എഴുപതു വയസ്സുള്ള പൂജാരി ഗ്രാമീണരായ മാതാപിതാക്കളെ കുട്ടിയെ ദേവദാസിയാക്കിയാല്‍ രോഗം മാറുമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് പൂജാരി ക്ഷേത്രനടയില്‍വച്ച് താലിചാര്‍ത്തിയാണ് ദേവദാസിയാക്കിയത്.
തന്റെ സ്വപ്‌നത്തില്‍ സാമാവ്വദേവി പ്രത്യക്ഷപ്പെടാറുണ്ടെന്നും സമീപഗ്രാമങ്ങളിലെ ഏതൊക്കെ പെണ്‍കുട്ടികളെ ദേവദാസിയാക്കണമെന്ന് തന്നോട് അരുള്‍ചെയ്യുമെന്നും ഇയാള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിശ്വസിപ്പിക്കുകയായിരുന്നു. മേഖലയിലെ ഗ്രാമീണരുടെ വിദ്യാഭ്യാസക്കുറവും അന്ധവിശ്വാസവും ഇയാള്‍ മുതലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments