പത്തനംതിട്ട: താഴേവെട്ടിപ്രത്ത് ഡി.വൈ.എഫ്.ഐ., ആര്‍.എസ്.എസ്. സംഘര്‍ഷം . പോലീസ് മേധാവിയുടെ ഓഫീസിനടുത്ത് നടന്ന കല്ലേറില്‍ സി.ഐ: ആര്‍. ഹരിദാസന്‍ അടക്കം നാലു പോലീസുകാര്‍ക്ക് പരുക്കേറ്റു. 12 സംഘപരിവാര്‍ പ്രവര്‍ത്തകരെ കസ്‌റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താല്‍ . രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ ഇരുചക്ര വാഹനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ആറോടെ ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിനു സമീപത്താണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇവിടെ ആര്‍.എസ്.എസിന്റെ ഗുരുദക്ഷിണ പരിപാടി നടന്നിരുന്നു. ഇവിടെ നിന്ന് പുറത്തുകൂടി പോയ രണ്ടു വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം നടന്നതാണ് സംഘര്‍ഷത്തിലേക്കു നയിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിക്കുന്നു. എന്നാല്‍ നഗരസഭാ കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സണിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്‌ഐക്കാര്‍ സംഘടിച്ച് തങ്ങളുടെ പരിപാടി നടന്ന ഇടത്തേക്ക് വരികയായിരുന്നുവെന്ന് മറുപക്ഷം പരാതി ഉന്നയിക്കുന്നു. ഇരുവിഭാഗങ്ങളും എതിര്‍വിഭാഗത്തിന്റെ കൊടികള്‍ കത്തിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം കനക്കുകയായിരുന്നു.
പോലീസ് സ്‌ഥലത്തെത്തി ഇരു കൂട്ടരെയും രണ്ടു ഭാഗത്തേക്കു മാറ്റി. രണ്ടു കൂട്ടരും കല്ലേറു നടത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു കൊണ്ട് ഏറെ നേരം സംഘടിച്ചു നിന്നു. സംഘര്‍ഷം അയയുന്നില്ല എന്ന സാഹചര്യചത്തിലാണ് പോലീസ് ഇരുവിഭാഗത്തേയും സ്‌ഥലത്തു നിന്ന് നീക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ പോലീസ് സ്‌ഥലത്തെത്തിയതോടെ പോലീസ് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സംഘടിച്ച ഭാഗത്തേക്കു നീങ്ങി. അവിടെ നിന്ന് കല്ലേറ് ആരംഭിച്ചതോടെ പോലീസ് രക്ഷാകവചം അണിഞ്ഞ് പിന്തുടര്‍ന്നു.
ഇതിനിടെയാണ് പോലീസുകാര്‍ക്ക് പരുക്കേറ്റത്. ഒരു ബസ് നിറയെ പോലീസ് എത്തിയതിനാല്‍ അംഗബലം കൂടുതലുണ്ടായിരുന്ന പൊലീസ് ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ 12 പേരെ ഞുണ്ണുങ്കല്‍പ്പടിയില്‍നിന്നു സമീപത്തു നിന്നുമായി പിടികൂടി. ഇതിനിടെ പോലീസ് വാഹനങ്ങളുടെ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. ഗുരുദക്ഷിണ പരിപാടി നടന്നതിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ വാഹനങ്ങളെല്ലാം അടിച്ചു തകര്‍ക്കപ്പെട്ടിട്ടുണ്ട്.
Post Your Comments