കണ്ണൂര്‍: വിവാദങ്ങളിലേക്ക് മറ്റൊരു കോളേജിന്റെ പേര് കൂടി അകപ്പെടുകയാണ്. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിനെതിരെ ഗുരുതര ആരോപണവുമായി അധ്യാപകരും ജീവനക്കാരും രംഗത്തെത്തി. മാനേജ്മെന്റിന്റെ പീഡനങ്ങള്ക്കെതരെ സമരം നടത്താനൊരുങ്ങുകയാണ് ഇവര്‍.
സ്കൂളില്‍ യൂണിയന് പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് എട്ട് വര്‍ഷം ജോലി ചെയ്ത അധ്യാപികയെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കൂടെ 5 വര്‍ഷമായി ജോലി ചെയ്ത് വരുന്ന അധ്യാപകനെയും പിരിച്ചു വിട്ടു. വിഷയത്തില്‍ കേരള അണ് എയ്ഡഡ് സ്കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന് ഇടപെട്ട് സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിപ്പ് നല്കിയപ്പോള് മാനേജ്മെന്റ് ചര്‍ച്ചക്ക് തയ്യാറാകുകയും പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കി ഇവരെ ജോലിയില്‍ തിരിച്ചെടുക്കുകയുമാണുണ്ടായത്.
അന്ന് യൂണിയനുമായി ചില ധാരണകളില്‍ എത്തിയിരുന്നു. എന്നാല്‍ ആ ഉറപ്പുകള്‍ പിന്നീട് ലംഘിക്കുകയാണുണ്ടായത്. തിരിച്ചെടുത്ത അധ്യാപകന് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമേ നിയമനം നല്‍കാനാവൂ എന്നതാണ് മാനേജ്മെന്റിന്റെ പുതിയ നിലപാട്. അത്തരത്തിലുള്ള ഉടമ്പടിയില്‍ ഒപ്പിട്ടു നല്കാത്തതിനാല് പ്രസ്തുത അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള പല തരം പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഭീഷണിയുടെ സ്വരം പ്രയോഗിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. മാനേജ്മെന്റിന്റെ ഇഷ്ടപ്രകാരം നില്‍ക്കാത്ത അധ്യാപകരെയും ജീവനക്കാരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ ഉള്‍പ്പെടെ കടുത്ത മാനസിക പീഢനത്തിനിരയാക്കുകയാണ് ചെയ്യുന്നത്. അവധി ദിവസങ്ങളില്‍ പോലും നിര്‍ബന്ധിച്ച് ജോലിക്ക് ഹാജരാവാന്‍ പറയുന്നു.
പൂജാ പരിപാടികളില്‍ പങ്കെടുക്കാത്തവരെ കണ്ടെത്തി ഉപദ്രവിക്കുകയും വിരോധമുളള അധ്യാപകരെ ക്ലാസെടുക്കാന്‍ അനുവദിക്കാതെ സ്റ്റാഫ് മുറികളില്‍ ഇരുത്തുകയും ചെയ്യുന്നത് പതിവാണ്. മാനേജ്മെന്റിന്റെ നിലപാട് മാറിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേരള അണ് എയ്ഡഡ് സ്കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേഴ്സ് യൂണിയന് മുന്നറിയിപ്പ് നല്കി.
Post Your Comments