മുംബൈ : കായിക ലോകം ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിനു നാളെ ഉത്തരം കിട്ടും. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്ന പുതിയ വ്യക്തിയെ നാളെ പ്രഖ്യാപിക്കുമെന്നാണു സൂചന. ഇന്നാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം. ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിക്ക് (ബിസിസിഐ) 10 പേരുടെ അപേക്ഷകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. അതിലുള്ള ആറുപേരും ഇന്ത്യക്കാരാണ്. അതു കൊണ്ട് ഇത്തവണ ഇന്ത്യക്കാരനായ കോച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീരേന്ദർ സേവാഗ്, രവി ശാസ്ത്രി, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ്ഡ ഗണേഷ്, ലാൽചന്ദ് രജ്പുത്ത്, ലാൻസ് ക്ലൂസ്നർ, രാകേഷ് ശർമ (ഒമാൻ ദേശീയ ടീം പരിശീലകൻ), ഫിൽ സിമ്മൺസ്, ഉപേന്ദ്രനാഥ് ബ്രംഹചാരി (ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത എഞ്ചിനീയർ) എന്നിവരാണ് ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
ഇതിൽനിന്ന് ആറു പേരെയാണ് അഭിമുഖത്തിനായി വിളിച്ചത്. ശാസ്ത്രി, സേവാഗ്, മൂഡി, സിമ്മൺസ്, പൈബസ്, രജ്പുത്ത് എന്നിവരെയാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. നാളെയാണ് അഭിമുഖം നടക്കുക. അഭിമുഖത്തിനു ശേഷം നാളെ തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുള്ള തർക്കമാണ് പരിശീലകനായിരുന്ന അനിൽ കുംബ്ലെ സ്ഥാനമൊഴിയാനുള്ള കാരണം. അതു കൊണ്ട് കോഹ്‍ലിയുമായി അടുത്ത ബന്ധം പുലർത്തുന്ന രവി ശാസ്ത്രിക്ക് ഉള്ള സാധ്യത വർധിക്കുന്നു. . മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗിന്റെ പേരും മുൻനിരയിലുണ്ട്. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരുടെ വിദഗ്ധ സമിതി അപേക്ഷകരുമായി അഭിമുഖം നടത്തി തീരുമാനം എടുക്കും
Post Your Comments