പട്‌ന: ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎ ക്യാംപിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് കുറച്ചുനാളായി പ്രചാരണമുണ്ട്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വസതിയില്‍ ഉള്‍പ്പെടെ നടന്ന സിബിഐ റെയ്ഡ് ഈ പ്രചാരണങ്ങള്‍ക്ക് ബലം നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബിഹാറില്‍ നിര്‍ണായകമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു മുന്നോടിയാണ് സിബിഐ റെയ്ഡ് അടക്കമുള്ള സംഭവങ്ങള്‍ എന്ന സംശയം ബലപ്പെടുന്നു.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം ആര്‍ജെഡിയും ജെഡിയുവും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഭരണസഖ്യത്തില്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസഖ്യത്തിലെ പ്രമുഖനായ നേതാവിനെതിരായ സിബിഐ നീക്കം.
രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാര്‍ പട്‌നയില്‍ വോട്ടഭ്യര്‍ഥിക്കാന്‍ വരുന്ന സമയത്തു തന്നെയാണ് നിതീഷ് രാജ്ഗിറിലേക്കു പോയതെന്നതും ശ്രദ്ധേയമാണ്. സിബിഐ നടപടി സംബന്ധിച്ച സൂചനകള്‍ മുഖ്യമന്ത്രിക്കു ലഭിച്ചിരുന്നുവോയെന്ന സംശയം ചില ആര്‍ജെഡി നേതാക്കള്‍ക്കുണ്ട്. റെയ്ഡ് വിവരം പുറത്തായതിനു പിന്നാലെ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നിതീഷ് രാജ്ഗിറിലേക്കു വിളിപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍, നിതീഷിന്റെ നിലപാടുകള്‍ സ്വന്തം പാര്‍ട്ടിക്കാരെപ്പോലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. നിതീഷ് സഖ്യം വിട്ടുപോവില്ലെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പു വിഷയം ഒറ്റപ്പെട്ട സംഭവമാണെന്നുമാണു കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
എന്നാല്‍ സിബിഐ കേസെടുത്തതോടെ ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി യാദവിനോടു നിതീഷ് രാജി ആവശ്യപ്പെടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജി ആവശ്യപ്പെടാന്‍ നിതീഷ് തീരുമാനിച്ചാല്‍ ഭരണസഖ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കു നീങ്ങും. ‘ആരോഗ്യകാരണങ്ങളാല്‍’ വിശ്രമിക്കാനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യാഴാഴ്ച പട്‌നയില്‍ നിന്നു 110 കിലോമീറ്റര്‍ അകലെയുള്ള രാജ്ഗിറിലേക്കു പോയിരുന്നു. കാലിത്തീറ്റ കുംഭക്കോണക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ലാലു പ്രസാദ് യാദവ് റാഞ്ചിയിലും. ഭരണകക്ഷിയുടെ രണ്ടു പ്രമുഖ നേതാക്കളും പട്‌നയിലില്ലാത്ത സമയത്തായിരുന്നു സിബിഐയുടെ മിന്നല്‍ പരിശോധന.
Post Your Comments