രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തൊഴിലാളികളാണോ രാഷ്ട്രീയ പ്രവര്‍ത്തനം ഒരു തൊഴിലാണോ എന്നെല്ലാമുള്ള സംശയങ്ങള്‍ ഉയരുന്നുണ്ട്. എല്ലാ മനുഷ്യരും തൊഴിലെടുത്താണ് ജീവിക്കേണ്ടത്. തൊഴിലിന് ഫലമുണ്ടാകണം. കൂലിയും വേണം.
എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ ജീവിതത്തിലേക്കും മറ്റും നിശ്ചയിക്കപ്പെട്ടതോ രേഖപ്പെടുത്തപ്പെട്ടതോ ആയ വരുമാനമില്ലെങ്കിലും പലരുടെയും ജീവിത നിലവാരത്തില്‍ വലിയ ഉയര്‍ച്ചയുണ്ടായി. ചുരുങ്ങിയ കാലംകൊണ്ട് കുടിലുകള്‍ കൊട്ടാരങ്ങളായി. ആസ്തി വര്‍ദ്ധിച്ചു. തൊഴില്‍ രാഷ്ട്രീയമാണെന്നും തനിക്ക് രണ്ടോ മൂന്നോ കോടിയുടെ ആസ്തിയുണ്ടെന്നും അഭിമാനപൂര്‍വ്വം പറയാമെന്നായി.
പല രാജ്യങ്ങളിലും പ്രധാനമന്ത്രി പദമൊഴിഞ്ഞാല്‍ സ്വന്തം തൊഴിലിലേക്കു തിരിച്ചുപോകുന്ന ജനനേതാക്കളെ നാം കണ്ടിട്ടുണ്ട്. അവിടെയൊന്നും രാഷ്ട്രീയപ്രവര്‍ത്തനം തൊഴിലല്ല. തൊഴിലിനു പുറത്തുള്ള സേവനമാണ്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയം ലാഭകരമായ തൊഴിലായിരിക്കുന്നു. എല്ലാം ജനങ്ങള്‍ക്കുവേണ്ടി ത്യജിക്കുന്ന സമര്‍പ്പിത രാഷ്ട്രീയ ജീവിതങ്ങള്‍ നമ്മെ നയിച്ചിട്ടുണ്ട്. അവരൊന്നും പദവികള്‍ക്കു പിറകേ പോയില്ല.
ആസ്തി വര്‍ദ്ധിപ്പിച്ചില്ല. കുമിയുന്ന പണത്തില്‍ ചൂഷണത്തിന്റെ ചോരക്കറ കാണുമെന്നാണ് അവര്‍ പഠിപ്പിച്ചത്. ഇപ്പോള്‍ നേതാക്കന്മാര്‍ കോടികളുടെ ആസ്തിയിലേക്കു കുതിക്കുന്നത് എങ്ങനെയാണെന്ന് ജനങ്ങളറിയേണ്ടേ? തൊഴിലുള്ളവര്‍ക്കുതന്നെ സമ്പാദിക്കാന്‍ പ്രയാസമുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഓര്‍ക്കണം.
പണം എങ്ങനെയുണ്ടായി എന്നു ചോദിക്കരുതെന്ന് ഒരലിഖിത നിയമമുള്ളതുപോലെ തോന്നുന്നു. പണമുള്ളവരെയും പദവിയുള്ളവരെയും വാഴ്ത്തുന്ന വിധേയ ജനാധിപത്യമാണ് പുരോഗമനപരം എന്നു കരുതുന്നവരുടെ നിര നീളുകയാണ്.
Post Your Comments