Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

രാഷ്ട്രീയക്കാര്‍ തിരിഞ്ഞുനോക്കാത്തത് ആ കുട്ടിക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനാലാണോ : വിമര്‍ശനവുമായി നടി

കൊല്ലം : കൊല്ലത്ത് പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ വിമര്‍ശനവുമായി നടി ശ്രീയ. രാഷ്ട്രീയപാര്‍ട്ടികളും സമൂഹവും ഒന്നടങ്കം വിഷയത്തില്‍ മൗനം പാലിക്കുന്നു എന്നാണ് ശ്രീയ പറയുന്നത്. രാഷ്ട്രീയക്കാര്‍ തിരിഞ്ഞുനോക്കാത്തത് ആ കുട്ടിക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനാലാണോ ശ്രിയ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടി. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടിയത്.

ജീവിതത്തിന്റെ വര്‍ണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ 13 കാരിയായ രാജസ്ഥാന്‍കാരി പെണ്‍കുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തില്‍ അത്തരം സംഭവങ്ങള്‍ നടക്കുമ്ബോള്‍ വല്ലാത്ത ഒരു മൗനം ആണ്.

ഈ സംഭവത്തിലും കനത്തു വരുന്ന ആ മൗനവും ഭീതിപ്പെടുത്തുന്നു. അനീതിയെ എതിര്‍ക്കുന്നതിലല്ല മറിച്ച്‌ അവനവന്റെ രാഷ്ടീയ/മത താല്പര്യത്തിനും വിരുദ്ധമായതിനെ മാത്രം തെരഞ്ഞെടുത്ത് എതിര്‍ക്കുക എന്നതാണ് ഇതിന്റെ പിന്നില്‍ എന്ന് കരുതുന്നു. പ്രതികള്‍ക്ക് ആരെങ്കിലും ഒത്താശ ചെയ്യുന്നു എങ്കില്‍, ആ കൃത്യത്തെ ഇതര സംസ്ഥാന വിഷയങ്ങളുമായി സമീകരിച്ച്‌ ന്യായീകരിക്കുന്നു എങ്കില്‍ ഒരു നിമിഷം ആ കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ വീടുകളിലെ സമപ്രായക്കാരായ കുരുന്നുകളെ പറ്റി ചിന്തിക്കുക. ആ പതിമൂന്ന് കാരിക്കും കുടുമ്ബത്തിനും ജസ്റ്റിസ് കിട്ടേണ്ടതുണ്ട്.

ദാരിദ്രത്തിനിടയിലാണ്, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ജീവിതമെങ്കിലും പതിമൂന്നു കാരിയായ അവളുടെയും മാതാപിതാക്കളുടേയും സന്തോഷങ്ങള്‍ ഒരു സംഘം ക്രൂരന്മാര്‍ തല്ലിക്കെടുത്തിയിരിക്കുന്നു. അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകള്‍ ആശങ്കയുടെ കണ്ണീരിലേക്ക് വഴിമാറിയിരിക്കുന്നു. ആസുരജന്മം എടുത്ത ചിലര്‍ തട്ടിക്കൊണ്ടു പോകുമ്ബോള്‍ ആ പെണ്‍കുട്ടി എന്തുമാത്രം വിഹല്വയായിരിക്കും? അവളുടെ വിലാപങ്ങള്‍ പരസ്യങ്ങളില്‍ ഉദ്‌ഘോഷിക്കുന്ന നവോഥാന നമ്ബര്‍:1 എന്ന ഈ കേരളത്തിലെ അന്തരീക്ഷത്തില്‍ ഉയര്‍ന്നിട്ടുണ്ടാകില്ലെ?

എന്തേ ആരും കേള്‍ക്കാതെയും പ്രതികരിക്കാതെയും പോയത്? അവളുടെ മാതാപിതാക്കളുടെ സങ്കടങ്ങള്‍ക്ക് കാതു കൊടുക്കുവാന്‍ എന്തേ നമുക്ക് ആകാത്തത്? പ്രവാസികളാണ് മലയാളികളില്‍ വലിയ ഒരു വിഭാഗം ഇതര ദേശത്തുവച്ച്‌ നമുക്ക് ഒരു പ്രശ്‌നം വരുമ്ബോള്‍ നമ്മള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ അവര്‍ക്കും ഉണ്ട് എന്ന് എന്തേ തിരിച്ചറിയാത്തത്? വിദേശത്ത് സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ പോലീസില്‍ പരാതിനല്‍കിയാല്‍ എത്ര വേഗമാണ് നടപടികള്‍ ഉണ്ടാകാറുള്ളതെന്ന് പ്രവാസികള്‍ക്കെങ്കിലും അറിയാം. ഇവിടെ ആ കൊച്ചു പെണ്‍കുട്ടിയുടെ നേര്‍ക്ക് പീഡന ശ്രമം ഉണ്ടായപ്പോള്‍ അവളുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നതുമാണ് എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്.

കേരളത്തിലെ പെണ്‍കുട്ടിയുടെയും സ്ത്രീകളുടേയും സുരക്ഷയെ പറ്റി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു പെരുമ്ബാവൂര്‍ ജിഷയുടെ ക്രൂരമായ കൊലപാതകം നടന്നപ്പോള്‍. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്ബോള്‍ അത് ഒറ്റപ്പെട്ടതായി കാണാന്‍ ആകില്ല. ഭയാനകമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് സ്ത്രീകള്‍ക്ക് നേരെ നേരിട്ടും സൈബര്‍ സ്‌പേസിലും ഉള്ള അധിക്രമങ്ങള്‍. മയക്കുമരുന്നിന്റെ ലഹരിയിലാണ് ചെയ്തത് എന്ന് പല കൊലപാതക, അക്രമ വാര്‍ത്തകള്‍ക്കൊപ്പവും കാണാറുണ്ട്.

സമൂഹത്തില്‍ മയക്കുമരുന്നിന്റെ വ്യാപനം വര്‍ദ്ധിക്കുന്നു എന്നതിനെയാണ് അത് അടിവരയിടുന്നത്. ആ കുരുന്നിന്റെ ജീവന്‍ അപകടത്തിലാകും മുന്‍പേ എത്രയും വേഗം കണ്ടെത്തുവാന്‍ പോലീസിനു ആകട്ടെ. ഇത്തരം സംഭവങ്ങള്‍ നമ്മളുടെ കുരുന്നുകളെ തേടിയെത്താതിരിക്കുവാന്‍ മൗനം വെടിയുക, പ്രതികരിക്കുവാനും ജാഗ്രതയോടെ ഇരിക്കുവാന്‍ തയ്യാറാകുക.

വോട്ട് അഭ്യര്‍ഥനയുമായി വരുന്ന രാഷ്ടീയ പ്രവര്‍ത്തകരോട് കൂടെയാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനാലാണോ നിങ്ങള്‍ അവളുടെ തട്ടിക്കൊണ്ടു പോകല്‍ പ്രശ്‌നത്തെ ഗൗരവത്തില്‍ എടുക്കാത്തത്? അവള്‍ ഒരു മനുഷ്യജീവിയാണ് നാടും ജാതിയും ഏതായാലും നമ്മുടെ സമൂഹത്തില്‍ ആണ് അവള്‍ ജീവിച്ചിരുന്നത്, അവള്‍ക്ക് നീതി ലഭിക്കണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button