ഡാർജലിംഗ്: പോലീസ് വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടതായി ആരോപിച്ച് ഡാർജലിംഗിലെ സംഘർഷം തീവ്രമാകുന്നു. പ്രതിഷേധം കനത്തതോടെ രണ്ട് കമ്പനി പട്ടാളത്തെ ഡാർജലിംഗിലും സൊനാദയിലും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ തൃണമൂൽ കോൺഗ്രസ് ഓഫീസിനും പോലീസ് ജീപ്പിനും തീയിട്ടു.
ഡാർജലിംഗിനു സമീപമുള്ള സോനാദയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഘർഷത്തിനു കാരണം. യാഷിം ഭാട്ടിയയെന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദേഹത്തെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളിയാഴ്ചയാണ് യാഷിം കൊല്ലപ്പെട്ടത്. രാത്രിയിൽ മരുന്നുവാങ്ങി വീട്ടിലേക്ക് വരുന്നവഴിയാണ് യാഷിം വെടിയേറ്റ് മരിച്ചത്.
ശനിയാഴ്ച രാവിലെ യാഷിമിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം നടത്തി. പ്രതിഷേധമാർച്ചിനിടെ സൊനാദാ പോലീസ് സ്റ്റേഷനു നേർക്ക് കല്ലേറുണ്ടായി. ഇതോടെ പോലീസ് ജനക്കൂട്ടത്തിനു നേർക്ക് കണ്ണീർ വാതകം പ്രയോഗിച്ചു. എന്നാൽ പോലീസ് റബർ ബുള്ളറ്റ് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഡാർജലിംഗ് ഹിമാലയൻ റെയിൽവെ സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടു. ഡാർജലിംഗ് ഹിമാലയൻ റെയിൽവെ സ്റ്റേഷൻ വിനോദയാത്രക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്.
പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു ഗൂര്‍ഖ ജനമുക്തി മോര്‍ച്ച സമരം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവികാസങ്ങൾ. ജൂണിൽ സര്‍ക്കാര്‍ സ്കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഉണ്ടായത്. പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങളും സര്‍ക്കാര്‍ ബസുകളും അഗ്നിക്കിരയാക്കിയിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടുകയും ചെയ്തു.
Post Your Comments