കണ്ണൂര്‍: ഇരിട്ടി നഗരസഭയിലെ 20-ാം വാര്‍ഡില്‍ നിന്നും ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച എം.പി.അബ്ദുള്‍ റഹിമാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം 2017 ജൂലൈ 5 മുതല്‍ ആറു വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതില്‍ നിന്നുമാണ്് വിലക്ക്. രണ്ടായിരത്തി പതിനഞ്ചിലെ ഇരിട്ടി നഗരസഭ തെരഞ്ഞടുപ്പില്‍ യു.ഡി.എഫില്‍നിന്ന് മത്സരിച്ച് വിജയിക്കുകയും നവംബര്‍ 18ന് നടന്ന നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകളില്‍ ഐ.യു.എം.എല്‍ ജില്ല കമ്മിറ്റി പുറപ്പെടുവിച്ച വിപ്പ് ലംഘിച്ച് മറ്റ് രണ്ട് അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതിലൂടെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് എം.പി.അബ്ദുള്‍ റഹിമാന്‍ ഐ.യു.എം.എല്‍ അംഗത്വം ഉപേക്ഷിക്കുകയും എല്‍.ഡി.എഫിന്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ നടപടികള്‍ക്കെതിരേ സി.മുഹമ്മദാലി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്റെ വിലക്ക്. 33 വാര്‍ഡുകളുള്ള ഇരിട്ടി നഗരസഭയില്‍ യു.ഡി.എഫിന് 15 എല്‍.ഡി.എഫ് 13 ബി.ജെ.പി 5 എന്നിങ്ങനെയായിരുന്നു സീറ്റുകള്‍.
Post Your Comments