Latest NewsNewsGulf

ജോലിയ്ക്കിടെ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട പ്രവാസിയ്ക്ക് 1.75 കോടി രൂപ നഷ്ടപരിഹാരം

 

ദുബായ് : ജോലിക്കിടെയുണ്ടായ അപകടം മൂലം വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്ന മലയാളിക്കു പത്തുലക്ഷം ദിര്‍ഹം (1.75 കോടിരൂപയോളം) നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. തൃശൂര്‍ കോടശേരി സ്വദേശി ബാലന് അനുകൂലമായാണു ഷാര്‍ജ കോടതിയുടെ വിധി.

ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു ബാലന്‍. 2014 സെപ്റ്റംബറിലുണ്ടായ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടതിനു പുറമെ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. അജ്മാനിലുള്ള കമ്പനിക്കു വാടകയ്ക്കു നല്‍കിയ ശീതീകരണി കേടായതിനെ തുടര്‍ന്നു നന്നാക്കാന്‍ ടെക്നീഷ്യനൊപ്പം ഹെല്‍പറായി ബാലനെയും അയച്ചു. കംപ്രസറില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെ ശീതീകരണി പൊട്ടിത്തെറിച്ചായിരുന്നു അപകടം. അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും ഉടന്‍ സ്ഥലത്തെത്തി ഇരുവരെയും ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്നീഷ്യന്റെ പരുക്ക് ഗുരുതരമായിരുന്നില്ല. ഗുരുതര പരുക്കേറ്റ ബാലനെ വിദഗ്ധ ചികില്‍സയ്ക്ക് അബുദാബി മഫ്റക് ആശുപത്രിയിലേക്കു മാറ്റി.

രണ്ടുമാസത്തെ ആശുപത്രിവാസത്തിനിടെ പലതവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. പിന്നീട് കമ്പനി മുന്‍കയ്യെടുത്ത് നാട്ടിലേക്കു കയറ്റി അയച്ചു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ നല്‍കാനോ വിവരങ്ങള്‍ അന്വേഷിക്കാനോ കമ്പനി തയാറായില്ല. തുടര്‍ന്നു വീണ്ടും ഷാര്‍ജയിലെത്തിയ ബാലന്‍, ദുബായ് അല്‍ കബ്ബാന്‍ അസോഷ്യേറ്റ്സ് സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖാന്തരം കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 20 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട പരാതിയില്‍ 10.05 ലക്ഷം ദിര്‍ഹം 5% പലിശയടക്കം കമ്പനി നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതു മതിയായ നഷ്ടപരിഹാരമല്ലെന്നു കാണിച്ച് അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button