തൃശൂര്‍: പാപ്പാന്മാര്‍ പണി മുടക്കിയപ്പോള്‍ ആന അഞ്ചുനാളായി പട്ടിണിയില്‍. കൂലിത്തര്‍ക്കത്തെത്തുടര്‍ന്ന് ഉടമയും പാപ്പാന്‍മാരും തർക്കത്തിൽ ആയതോടെയാണ് പറമ്പില്‍ തളച്ച കൊമ്പന്‍ പട്ടിണിയിലായത്. കുഴൂര്‍ സ്വാമിനാഥനെന്ന ആന പുതുക്കാട് കണ്ണമ്പത്തൂരിലാണ് തീറ്റയും വെള്ളവുമില്ലാതെ വലയുന്നത്.
ആനയുടെ ജീവന്‍ നിലനിര്‍ത്തുന്നത് സമീപവാസികള്‍ വല്ലപ്പോഴും നല്‍കുന്ന തീറ്റയാണ്. ദിവസം 30 പട്ടയാണ് അന തിന്നാറുള്ളത്. എന്നാൽ ഇപ്പോൾ ഒരു പട്ടപോലും കിട്ടാത്ത അവസ്ഥയാണ്. ആനയെ കണ്ണമ്പത്തൂരിലെ പറമ്പില്‍ കഴിഞ്ഞ ഏപ്രിലിലാണ് തളച്ചത്. നാലുദിവസം മുമ്പ് നീരിലായ ആനയെ അഴിച്ചതിനേത്തുടര്‍ന്നാണ് ഒന്നാംപാപ്പാനും ഉടമയും തമ്മില്‍ കൂലിത്തര്‍ക്കമുണ്ടായത്. ഉടമയാണ് മദപ്പാട് സമയത്ത് ആനയ്ക്കു തീറ്റയെത്തിച്ചിരുന്നത്. കൂലിത്തര്‍ക്കം രൂക്ഷമായതോടെ ആനയ്ക്കു കൃത്യമായി ഭക്ഷണം കിട്ടാതായി. ഉടമ പണം നല്‍കാത്തതിനാല്‍ തങ്ങളുടെ നിത്യച്ചെലവും ആനയുടെ തീറ്റയും മുടങ്ങിയെന്നു പാപ്പാന്‍മാര്‍ ആരോപിച്ചു.
സമീപവാസിയായ ഒല്ലൂക്കാരന്‍ അമ്മിണിയുടെ നിര്‍ധനകുടുംബമാണിപ്പോള്‍ ആനയ്ക്ക് തീറ്റ നൽകുന്നത്.ദിവസവും അഞ്ചു കിലോ അരിയുടെ കഞ്ഞിവച്ചാണ് ആനയ്ക്കു നല്‍കുന്നത്. നാലു ദിവസമായി ഇതു മാത്രമാണ് ആനയുടെ ആഹാരം. ഉടമയെ നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും തീറ്റയെത്തിച്ചില്ല. ആനയെ എറണാകുളത്തുള്ള പറമ്പില്‍ കൊണ്ടുവന്ന് കെട്ടണമെന്നാണ് ഉടമയുടെ നിലപാട്. കൂലി നല്‍കാതെ ആനയെ അഴിക്കില്ലെന്ന നിലപാടില്‍ പാപ്പാന്‍മാരും. ഇവര്‍ക്കെതിരേ ഉടമ പുതുക്കാട് പോലീസില്‍ പരാതിയും നല്‍കി. പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല.
Post Your Comments