ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ അശാന്തി നിഴലിയ്ക്കുന്നു. ചൈനയുടെ മുന്നറിയിപ്പ് തള്ളിയ ഇന്ത്യക്ക് നേരെ വീണ്ടും ചൈനയുടെ ഭീഷണി. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയാല്‍ 1962ലെ യുദ്ധക്കെടുതികളേക്കാളും വലിയ നാശനഷ്ടമാകും ഇന്ത്യയ്ക്ക് ഉണ്ടാകുകയെന്ന ഭീഷണിയുമായി ചൈനീസ് മാധ്യമങ്ങള്‍. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ നാണംകെട്ട രീതിയിലാണ് ഇന്ത്യയുടെ പെരുമാറ്റം. ദോക് ലാ മേഖലയില്‍ ഇന്ത്യന്‍ സേനയെ ഉപയോഗിക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. രണ്ടര യുദ്ധത്തിനു (രണ്ടു ശത്രുരാജ്യ സൈന്യങ്ങളെയും ഒരു അര്‍ധശത്രുവിനെയും ഒരേസമയം നേരിടുന്നതു സൂചിപ്പിക്കുന്നതാണു ‘രണ്ടര യുദ്ധം’ എന്ന പ്രയോഗം) തയാറാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇന്ത്യയുടെ സൈനികശേഷിയെക്കുറിച്ചു ഞങ്ങള്‍ക്കു നല്ല തിരിച്ചറിവുണ്ട്. 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പ്രസ്താവന ശരിയാണ്. 1962ലേക്കാളും വലിയ നാശമായിരിക്കും 2017ല്‍ ഇന്ത്യയ്ക്കുണ്ടാകുകയെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
ചൈനയുടെ ദോക് ലാ മേഖലയെ സംഘര്‍ഷഭരിതമാക്കി ഇവിടുത്തെ റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാല്‍, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു പൂര്‍ണമായി വിച്ഛേദിക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണം. ചൈനയ്ക്കെതിരെ പോരാടാന്‍ ഭൂട്ടാനെ ഇന്ത്യ നിര്‍ബന്ധിക്കുകയാണ്. ഭൂട്ടാനെ ഒരു അടിമ രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യ കണക്കാക്കുന്നത്. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചാണ് ഇന്ത്യ അതിര്‍ത്തി കടന്നുകയറ്റം നടത്തുന്നത്. ഭൂട്ടാനെ അടിച്ചമര്‍ത്തി വച്ചിരിക്കുന്ന ഇന്ത്യയുടെ പ്രവൃത്തി രാജ്യാന്തര സമൂഹം അപലപിക്കേണ്ട ഒന്നാണെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
ദോക് ലാ മേഖലയിലേക്ക് ഇന്ത്യന്‍ സേന കടന്നുകയറിയെന്ന ആരോപണം സ്ഥിരീകരിക്കുന്ന ഭൂപടവും ചൈന കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ദോക് ലാ മേഖലയില്‍ ചൈന റോഡ് നിര്‍മിക്കുന്നതിലെ ആശങ്ക ഇന്ത്യ നേരത്തെ പ്രകടിപ്പിച്ചിരുന്നു. സൈനികപരമായി ഇന്ത്യയ്ക്കും ചൈനയ്ക്കും അതീവപ്രധാനമായ ദോക് ലായിലെ റോഡ് നിര്‍മാണം സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്നാണ് ഇന്ത്യ പറയുന്നത്.
നിലവില്‍, ദോക് ലായില്‍ ഭൂട്ടാനുനേര്‍ക്കു റോഡ് നിര്‍മിക്കുന്ന ചൈനയുടെ ആത്യന്തികലക്ഷ്യം ഇന്ത്യയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിര്‍ത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങള്‍. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താല്‍, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തും. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാല്‍, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു പൂര്‍ണമായി വിച്ഛേദിക്കാന്‍ വരെ അവര്‍ക്കു സാധിക്കും. ഈ സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുക എന്ന സന്ദേശമാണ് അതിര്‍ത്തിയിലെ സൈനികര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം നല്‍കിയിരിക്കുന്നത്.
Post Your Comments