തിരുവനന്തപുരം : യുവനടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ വാദം തള്ളി എഡിജിപി ബി.സന്ധ്യ. കേസിന്റെ അന്വേഷണ വിവരങ്ങള്‍ ഡിജിപി സെന്‍കുമാറിനെ കൃത്യമായി അറിയിച്ചിരുന്നെന്ന് എഡിജിപി ബി. സന്ധ്യ. മറിച്ചുള്ള സെന്‍കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപ് കഴിഞ്ഞ 26ന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും പൊലീസ് മേധാവിക്കയച്ച കത്തില്‍ സന്ധ്യ വ്യക്തമാക്കി.
കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ.
കഴിഞ്ഞ 22ന് ആലുവ പൊലീസ് ക്ലബ്ബില്‍ എഡിജിപിയും െഎജിയും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ഈ സമയത്ത് അന്വേഷണ സംഘവുമായി ഡിജിപി ഫോണിലൂടെ സംസാരിച്ചിരുന്നു. തുടര്‍ന്ന് 26-ാം തീയതി അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപ് ഡിജിപിയായിരുന്ന സെന്‍കുമാറിനെ പൊലീസ് ആസ്ഥാനത്ത് നേരില്‍ കണ്ട് അന്വേഷണ വിവരങ്ങള്‍ വിശദീകരിച്ചു. ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നതിനുള്ള ചോദ്യാവലി തയാറാക്കിയത് എല്ലാ ഉദ്യോഗസ്ഥരുടേയും പങ്കാളിത്തതോടെയാണ്. കേസുമായി ബന്ധപ്പെട്ട് ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നു. തികച്ചും ശാസ്ത്രീയമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍ ഏകോപനമില്ലായിരുന്നുവെന്ന് പൊലീസ് മേധാവിക്ക് എങ്ങനെ പറയാനാകുമെന്നും സന്ധ്യ കത്തില്‍ ചോദിക്കുന്നു.
Post Your Comments