തിരുവനന്തപുരം: ജി.എസ്.ടി. നടപ്പായതോടെ സംസ്ഥാനത്ത് സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതുക്കിയ വിലനിലവാര പട്ടിക നാളെ പ്രസിദ്ധീകരിയ്ക്കും. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുണ്ടായ നികുതിവ്യത്യാസമാണ് പട്ടികയില്‍ ഉണ്ടാകുകയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. വിലകൂട്ടി ചൂഷണം ചെയ്യുന്നതിനെതിരെ ജനത്തെ ബോധവത്കരിക്കാനാണിത്. നൂറോളം ഇനങ്ങളുടെ നികുതിവ്യത്യാസമാണ് വാണിജ്യനികുതിവകുപ്പ് കണക്കാക്കിയിട്ടുള്ളത്.
ജി.എസ്.ടി. വരുന്നതിനുമുമ്പും ശേഷവും ഓരോന്നിന്റെയും വിലയില്‍ നികുതിയുടെ വിഹിതം എത്രയായിരുന്നെന്നും വിലകൂടുന്നതേത്, കുറയുന്നതേത് എന്നും മനസ്സിലാക്കാനാവും. ബ്രാന്‍ഡ് അനുസരിച്ച് മാറുമെന്നതിനാല്‍ ഉത്പന്നങ്ങളുടെ യഥാര്‍ഥവില ഇതില്‍ ഉണ്ടാവില്ല.
കേരളത്തില്‍ ജി.എസ്.ടി. നടത്തിപ്പില്‍ പ്രത്യേക പ്രശ്‌നങ്ങളൊന്നും ഇതുവരെയില്ലെന്ന് മന്ത്രി പറഞ്ഞു. പുതിയ നികുതിസമ്പ്രദായമാകുമ്പോള്‍ ആശയക്കുഴപ്പം സാധാരണമാണ്. വാറ്റ് വന്നപ്പോഴും ഇതായിരുന്നു സ്ഥിതി. ഇത് പരിഹരിക്കാനാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments