കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ യഥാര്‍ത്ഥ പ്രതിയ്ക്കായി പൊലീസ് ഊര്‍ജ്ജിതശ്രമം തുടങ്ങി. ഈ കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിനാണ് പൊലീസ് ശ്രമിയ്ക്കുന്നത്. പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥമാണോ എന്നറിയാനാവും ഇനി പൊലീസിന്റെ അടുത്ത ശ്രമം. ഇതിനായി കാവ്യ മാധവന്റെ സ്ഥാപനത്തില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും. നടിയെ ആക്രമിച്ചതിന് മുന്‍പും ശേഷവുമുള്ള പത്ത് ദിവസത്തെ ദൃശ്യങ്ങളാണിത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ എത്തിച്ചെന്നാണ് സുനില്‍കുമാറിന്റെ മൊഴി. കീഴടങ്ങുന്നതിന് തൊട്ട് മുന്‍പ് ഇവിടെയെത്തിയതായി സുനില്‍ കുമാര്‍ ദിലീപിനയച്ച കത്തില്‍ പറയുന്നുണ്ട്. ഇത് പരിശോധിക്കാന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ പരിശോധനക്ക് അയക്കുന്നത്.
അതേ സമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ എഡിജിപി ബി സന്ധ്യക്ക്, പൊലീസ് മേധാവി നിര്‍ദ്ദേശം നല്കി. അന്വേഷണസംഘത്തില്‍ ഏകോപനമില്ലെന്ന ആരോപണങ്ങള്‍ ഡിജിപി ലോക്നാഥ് ബെഹ്റ തളളിക്കളഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഒന്നുമാകുന്നില്ലെന്ന് മുന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഇതിന് തൊട്ടുപുറകെയാണ് പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പുരോഗതി വിലയിരുത്താന്‍ അന്വേഷണചുമതലയുളള എഡിജിപി ബി സന്ധ്യയെയും ഐജി ദിനേന്ദ്രകശ്യപിനെയും വിളിച്ചുവരുത്തിയത്. അന്വേഷണം ഒരുകാരണവശാലും നീണ്ടുപോകരുതെന്ന് ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി.
മതിയായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്നും പൊലീസ് മേധാവി നിര്‍ദ്ദേശം നല്കി. ഇതിനിടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് ബി സന്ധ്യയെ മാറ്റിയെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ ആരെയും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ്മേധാവിയുടെ പ്രസ്താവന വന്നു. അന്വേഷണസംഘത്തെക്കുറിച്ച് അതൃപ്തിയില്ലെന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍ക്കൊളളിക്കാനാണ് എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും പൊലീസ് മേധാവി അറിയിച്ചു.
അതേസമയം,നിലവിലെ അന്വേഷണത്തിന്റെ ഏകോപനത്തില്‍ പോരായ്മകളില്ലെന്ന് വിശദീകരിച്ച് എഡിജിപി ബി സന്ധ്യ , പൊലീസ് മേധാവിക്ക് കത്ത് നല്കി.
Post Your Comments