Latest NewsNewsGulf

തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ സന്തോഷമുള്ളവരാണോ എന്നറിയാനായി യു.എ.ഇയില്‍ പുതിയ സംവിധാനം

 

ദുബായ് : തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ സന്തോഷഭരിതരാണോ എന്നറിയാനായി യു.എ.ഇയില്‍ സംവിധാനം ഒരുങ്ങുന്നു. സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളും സംരംഭങ്ങളും ജനങ്ങളില്‍ എത്ര മാത്രം സന്തോഷമുണ്ടാക്കുന്നു എന്നത് വിശകലനം ചെയ്യാനാണ് യുഎഇയില്‍ പുതിയ സംവിധാനമൊരുങ്ങുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണു സന്തോഷം കേന്ദ്രബിന്ദുവാക്കിയുള്ള നടപടി.

സന്തോഷം നിറഞ്ഞ സമൂഹം വികസിപ്പിച്ചെടുക്കുകയെന്ന സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഫലമായി ശാസ്ത്രീയമായി പ്രായോഗികമായ സംവിധാനം രൂപപ്പെടുത്തുകയായിരുന്നെന്നു ഹാപ്പിനെസ് സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ക്യാബിനറ്റ് കാര്യ, ഭാവി ഡയറക്ടര്‍ ജനറലുമായ ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി അറിയിച്ചു. സമൂഹത്തില്‍ സന്തോഷം പകരുകയെന്ന സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ നീക്കത്തില്‍ കാണുന്നത്.

തങ്ങളെടുക്കുന്ന തീരുമാനം ജനങ്ങളിലുണ്ടാക്കുന്ന പ്രതികരണം മനസിലാക്കി വേണ്ട മാറ്റങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്താന്‍ അധികൃതരെ സഹായിക്കുന്ന നടപടിയാണിത്. ദോഷം വരുന്ന കാര്യങ്ങള്‍ ഒഴിവാക്കാനും വെല്ലുവിളികള്‍ മനസിലാക്കാനും ഇതുവഴിയാകും. ഭാവി തലമുറയ്ക്കും ഉപകരിക്കുന്ന രീതിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണു വിഭാവനം ചെയ്യുന്നത്. സന്തോഷം ഒരു ജീവിതരീതിയും സര്‍ക്കാര്‍ സേവനത്തിലെ ശൈലിയുമാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹാപ്പിനെസിനും പോസിറ്റിവിറ്റിക്കുമായി ദേശീയ പദ്ധതി ഉള്‍പ്പെടെ തയാറാക്കി യുഎഇ ഈ രംഗത്ത് ഒട്ടേറെ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നു.

സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം, സര്‍ക്കാര്‍ സേവനങ്ങളും ഭരണനിര്‍വഹണവും പരിസ്ഥിതിയും അടിസ്ഥാന സൗകര്യവും എന്നീ ആറു മേഖലകള്‍ കേന്ദ്രീകരിച്ചാകും പദ്ധതികളും സംരംഭങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സന്തോഷത്തെക്കുറിച്ച് വിലയിരുത്തുന്നത്. പൂജ്യം മുതല്‍ നൂറ് വരെ മാര്‍ക്ക് നല്‍കിയാണ് ഓരോ വിഭാഗത്തിലും സന്തോഷത്തിന്റെ തോത് അളക്കല്‍. ആറ് വിഭാഗത്തിനും കൂടി ലഭിക്കുന്ന ശരാശരി മാര്‍ക്കാണ് പദ്ധതിക്കു ലഭിക്കുന്ന ആകെ മാര്‍ക്ക്.

എഴുപത് മാര്‍ക്കില്‍ കൂടുതല്‍ ലഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും ഏറ്റവും മികച്ച പ്രതികരണമുള്ളതെന്നും 60നും 70നും ഇടയ്ക്കുള്ളത് പൊതുവെ മെച്ചമായതെന്നും 50നും 60നും ഇടയ്ക്കു മാര്‍ക്ക് ലഭിക്കുന്നവ കുറച്ചുപേര്‍ക്ക് സന്തോഷമുള്ളതെന്നും വിലയിരുത്തപ്പെടും. എന്നാല്‍ 50ല്‍ താഴെ മാര്‍ക്ക് ലഭിക്കുന്നത് മോശം പ്രതികരണമാണ് ജനങ്ങളിലുണ്ടാക്കുന്നതെന്നു കണക്കാക്കും.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button