ന്യൂഡല്‍ഹി : എയര്‍ഇന്ത്യയെ സ്വന്തമാക്കുവാന്‍ കമ്പനികള്‍ രംഗത്ത്. എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ എയര്‍ഇന്ത്യയെ സ്വന്തമാക്കുവാന്‍ ടാറ്റയും ഇന്‍ഡിഗോയും ജെറ്റ് എയര്‍വെയ്സുമാണ് രംഗത്ത് എത്തിയത്. എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കുമെങ്കില് നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് 2013-ല്‍ അന്നത്തെ ടാറ്റ ഗ്രൂപ്പ് ചെയര്മാന് രത്തന്‍ടാറ്റ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ നിലവിലെ ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍.ചന്ദ്രശേഖരന് തന്നെ ഇതിനുള്ള നീക്കങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് രംഗത്തുണ്ട്.
ഇതിനായി മൂന്ന് കമ്പനികളും സജീവനീക്കങ്ങള്‍ നടത്തുകയും സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ചകള്‍ തുടരുകയുമാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
എയര്‍ഇന്ത്യയെ ഏറ്റെടുക്കുന്നതില്‍ ഇന്‍ഡിഗോ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം സെക്രട്ടറി രാജീവ് നയന്‍ ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷനാണ് ഇതിനായി സര്‍ക്കാരിനെ സമീപിച്ചത്. വ്യോമയാനമന്ത്രാലയത്തിനയച്ച കത്തില്‍ ഔദ്യോഗികലേലം നടക്കുമ്പോള്‍ തങ്ങള്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
ടാറ്റയേയും ഇന്‍ഡിഗോയേയും കൂടാതെ സ്പൈസ് ജെറ്റാണ് എയര്‍ഇന്ത്യയെ സ്വന്തമാക്കാന്‍ മോഹമുള്ള മറ്റൊരു എയര്‍ലൈന്‍സ് കമ്പനി. എയര്‍ഇന്ത്യയ്ക്ക് വേണ്ടി സ്പൈസ് ജെറ്റും വിലപേശുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇതിനായി അവര്‍ ഔദ്യോഗികമായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. പത്ത് വര്‍ഷം മുന്‍പ് അഭ്യന്തരസര്വ്വീസ് നടത്തുന്ന 35 ശതമാനം യാത്രക്കാരും എയര്‍ഇന്ത്യയിലാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 14 ശതമാനമായി കുറഞ്ഞു. 40 ശതമാനം വിഹിതമുള്ള ഇന്‍ഡിഗോയ്ക്കും 17 ശതമാനം വിഹിതമുള്ള ജെറ്റ് എയര്‍വെയ്സിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് അഭ്യന്തരസര്വ്വീസില് എയര്ഇന്ത്യയിപ്പോള്. അന്താരാഷ്ട്ര വിഭാഗത്തില്‍ 17 ശതമാനം മാത്രമാണ് എയര്‍ഇന്ത്യയുടെ വിഹിതം.
Post Your Comments