KeralaLatest NewsNews

ഏകദേശം 13 മണിക്കൂര്‍ നീണ്ടുനിന്ന ദിലീപിന്റെ ചോദ്യം ചെയ്യലിന്റെ മണിക്കൂറുകള്‍ കടന്നുപോയത്

 

കൊച്ചി: സംസ്ഥാനം ഉറ്റുനോക്കുന്ന സംഭവപരമ്പരയാണ് ഇന്നലെ രാവിലെ മുതല്‍ അരങ്ങേറിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും നാദിര്‍ ഷായേയും ആലുവ പോലീസ് ക്ലബിന്‍ പൊലീസ് ചോദ്യം ചെയ്തത് നീണ്ട 13 മണിക്കൂര്‍. ബുധനാഴ്ച രാവിലെ ആലുവയിലെ ദിലീപിന്റെ വീട്ടില്‍ നിന്നാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ദിലീപ് പോലീസ് ക്ലബ്ബിലേക്ക് പുറപ്പെടുന്നു. വളഞ്ഞുപിടിച്ച മാധ്യമങ്ങളോട് മാധ്യമ വിചാരണയ്ക്ക് നിന്നുകൊടുക്കില്ലെന്നും പറയാനുള്ളതെല്ലാം പോലീസിനോട് പറയുമെന്നും പറഞ്ഞ് ദിലീപ് പോകുന്നു.

12.20ന് ആലുവയിലെ പോലീസ് ക്ലബ്ബിലേക്ക് ദിലീപ് എത്തുന്നു. തൊട്ടുപിന്നാലെ നാദിര്‍ഷയും. ലൈവ് കൊടുക്കാന്‍ വാഹനങ്ങള്‍ പുറത്തെ റോഡില്‍ നിറഞ്ഞു. കോമ്പൗണ്ടിനുള്ളില്‍ അറുപതോളം മാധ്യമപ്രവര്‍ത്തകര്‍. ആരെയും കോമ്പണ്ടില്‍ കയറ്റില്ലെന്ന് ആദ്യം പറഞ്ഞ പോലീസുകാര്‍ പിന്നീട് അയഞ്ഞു. അകത്തുനിന്ന് ഒരു വിവരവും പുറത്തുവരുന്നുണ്ടായിരുന്നില്ല. ഉച്ചയോടെ പുറത്തുനിന്ന് ഭക്ഷണമെത്തിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി – ചോദ്യംചെയ്യല്‍ ഉടനെ തീരില്ല. ഭക്ഷണത്തിനായി അല്‍പം ഇടവേളയും നല്‍കി.

ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പുറത്തേക്കെത്തി. ചോദ്യംചെയ്യല്‍ തീര്‍ന്നതായി കരുതി മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളഞ്ഞു. എന്നാല്‍, ആര്‍ക്കും പിടികൊടുക്കാതെ അദ്ദേഹം വാഹനത്തില്‍ പുറത്തേക്കു പോയി. കാത്തിരിപ്പ് പിന്നെയും നീണ്ടു. ഇതിനിടെ പോലീസ് വാഹനങ്ങള്‍ വന്നും പോയുമിരുന്നു.

ഓരോ വണ്ടി വന്നപ്പോഴും മാധ്യമങ്ങള്‍ തിക്കിത്തിരക്കി. നാലരയോടെ റൂറല്‍ എസ്.പി. തിരിച്ചെത്തി. അപ്പോഴും അദ്ദേഹം ഒന്നും പറഞ്ഞില്ല. മുറ്റത്ത് ഇരുന്നും നടന്നും മാധ്യമപ്രവര്‍ത്തകര്‍ സമയം കഴിച്ചുകൂട്ടി. ബിസ്‌കറ്റും ബ്രഡ്ഡുമായിരുന്നു മിക്കവരുടെയും ഭക്ഷണം. ചാനല്‍ വാഹനങ്ങളുടെ തിരക്കുകണ്ട് ഗേറ്റിനു പുറത്ത് ആളുകൂടി. ആരെയും ഉള്ളിലേക്കു കടത്താതെ പോലീസ് നിലയുറപ്പിച്ചു.

വൈകീട്ട് ഏഴ് മണിക്ക് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് നടക്കുന്നതിനാല്‍, ട്രഷററായ ദിലീപ് അതിനു മുമ്പ് എന്തായാലും ഇറങ്ങുമെന്ന കണക്കുകൂട്ടലില്‍ മാധ്യമങ്ങള്‍ കാത്തുനിന്നു. എന്നാല്‍, ചോദ്യം ചെയ്യല്‍ നീണ്ടതല്ലാതെ ദിലീപ് പുറത്തേക്കു പോകുന്ന സൂചനയൊന്നും കിട്ടിയില്ല.

വൈകുന്നേരമായതോടെ യോഗം അര മണിക്കൂര്‍ വൈകിയേ തുടങ്ങൂവെന്ന അറിയിപ്പ് ലഭിച്ചു. ദിലീപ് വരുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഇത്. എന്നാല്‍, ഏഴ് മണിയും കഴിഞ്ഞതോടെ യോഗത്തില്‍ ദിലീപ് പങ്കെടുക്കുന്നില്ലെന്ന്് ഉറപ്പായി. ജനാലയ്ക്കപ്പുറത്ത് ഓരോ നിഴല്‍ അനങ്ങുമ്പോഴും ചോദ്യംചെയ്യല്‍ കഴിഞ്ഞെന്നു കരുതി ചാനലുകള്‍ ക്യാമറകള്‍ സജ്ജമാക്കി. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

ഈ സമയത്തിനകം അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇതിന് ഫോണില്‍ സംശയനിവൃത്തി വരുത്തേണ്ട ബാധ്യതയും കോമ്പൗണ്ടില്‍ നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button