
കണ്ണൂര്‍ : ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ആറു മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പെരളശ്ശേരിയിലെ മാണിക്കോത്ത് പ്രണയ(24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു യുവതിയുടെ മരണം സംഭവിച്ചത്. വയറു വേദനയെത്തുടര്‍ന്ന് കഴിഞ്ഞ 18നാണ് പ്രണയയെ ധനലക്ഷ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ യുവതിയെ ചികിത്സിക്കാന്‍ എത്തിയില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ നഴ്‌സുന്മാര്‍ ബന്ധുക്കളോട് കയര്‍ക്കുകയും ചെയ്‌തെന്നും ആരോപണം ഉയരുന്നുണ്ട്.
വയറുവേദന കൂടിയതോടെ നില വഷളായെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ ഡിസ്ചാര്‍ജ് വാങ്ങി വൈകുന്നേരത്തോട് കൂടി പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. പരിയാരത്തെ പരിശോധനയില്‍ നിന്ന് കുട്ടി ആറ് മണിക്കൂര്‍ മുന്‍പ് മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. പിന്നീട് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പ്രണയയും മരണപെടുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന തലമുണ്ട സ്വദേശി ടി കെ വിനീഷാണ് ഭര്‍ത്താവ്. പ്രണയയുടെ നില ഗുരുതരമായതിനാല്‍ വിനീഷ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് അമ്മയുടെയും കുട്ടിയുടെയും മരണത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന് മുന്‍പും ഈ ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തി.
Post Your Comments