മോസ്‌കോ : ഭീഷണിയായി മറ്റൊരു റാന്‍സംവെയര്‍ ആക്രമണം വ്യാപിക്കുന്നു. റഷ്യയിലും അമേരിക്കയിലും ബ്രിട്ടണിലും അടക്കം നിരവധി രാജ്യങ്ങളില്‍ ആക്രമണം നടത്തിയ വൈറസ് ഇന്ത്യയിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറിയ വൈറസ് പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയതോടെയാണ് ആക്രമണം ശ്രദ്ധയില്‍ പെടുന്നത്. പിന്നാലെ രാജ്യത്തെ ബാങ്കുകളിലും വിമാനത്താവളങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. അമേരിക്കന്‍ സുരക്ഷാ ഏജന്‍സി വികസിപ്പിച്ച സുരക്ഷാ സംവിധാനത്തില്‍ രൂപമാറ്റം വരുത്തിയാണ് വൈറസ് തയ്യാറാക്കിയിരിക്കുന്നതെന്ന് റഷ്യയിലെ പ്രമുഖ സൈബര്‍ സുരക്ഷാ ഏജന്‍സി പറയുന്നു.
കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞു കയറുന്ന വൈറസ് അതില്‍ ശേഖരിച്ചിരിക്കുന്ന ഫയലുകളും മറ്റും ലോക്ക് ചെയ്യും. പിന്നീട് ഈ ഫയലുകള്‍ തിരിച്ചു കിട്ടണമെങ്കില്‍ ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്ന പണം നല്‍കണം. ഇത്തരത്തില്‍ കഴിഞ്ഞ മാസം ഉണ്ടായ ആക്രമണം സൈബര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ലോകമാകെ 150 ലേറെ രാജ്യങ്ങളിലെ കംപ്യൂട്ടറുകളാണ് വാണാക്രൈ ആക്രമണത്തിന് വിധേയമായത്. വാണാക്രൈയുടെ ആദ്യരൂപത്തിലുള്ള കില്ലര്‍ സ്വിച്ച് കണ്ടെത്താനായതിനാലാണ് ഈ വൈറസിനെ നിയന്ത്രണവിധേയമാക്കാനായത്. എന്നാല്‍ ഇപ്പോഴത്തെ ആക്രമണത്തില്‍ ഹാക്കര്‍മാര്‍ ഈ പഴുത് അടച്ചതായാണ് വിവരം. നേരത്തെ ഉണ്ടായ വാണാക്രൈ ആക്രമണത്തേക്കാളും മാരകമായിരിക്കും ഇതെന്നും കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ വ്യക്തമാക്കി. വാണാക്രൈയുടെ പരിഷ്‌ക്കരിച്ച പതിപ്പാണിതെന്നാണ് സൂചന.
Post Your Comments