Latest NewsIndia

രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ചെന്നൈ നഗരം

ചെന്നൈ : രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ചെന്നൈ നഗരം. നഗരത്തിലെ കുടിവെള്ള സ്രോതസുകളായ നാല് ജലാശയങ്ങള്‍ വറ്റി വരണ്ടതാണ് കുടിവെള്ള ക്ഷാമം ഇത്രത്തോളം രൂക്ഷമാകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. 140 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇത്ര ജലക്ഷാമം അനുഭവപ്പെടുന്നത്.
അതേസമയം, അധികൃതരുടെ അനാസ്ഥകാരണം വേണ്ടവിധത്തില്‍ പരിപാലിക്കാതിരുന്നതുകൊണ്ടാണ് ജലാശയങ്ങളാല്‍ സമ്പുഷ്ടമായിരുന്ന ചെന്നൈയ്ക്ക് ഇപ്പോള്‍ ഈ ഗതി വന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ചെന്നൈ നഗരത്തിന് 200 കിലോമീറ്റര്‍ അകലെയുള്ള നെയ്വേലിയിലെ വീരണം തടാകത്തില്‍ നിന്നുമാണ് സാധാരണ ജലക്ഷാമം ഉണ്ടാകുന്ന അവസരങ്ങളില്‍ വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ ഈ തടാകവും വറ്റിവരണ്ട അവസ്ഥയിലാണ്. കരിങ്കല്‍ക്വാറികളില്‍ നിന്നും, കടല്‍ജലം ശുദ്ധീകരിച്ചും ആണ് നഗരത്തില്‍ ഇപ്പോള്‍ ജലം എത്തിക്കുന്നത്. പൂന്തി, റെഡ് ഹില്‍സ്, ചോളവാരം, ചെമ്പാരംപക്കം എന്നീ ജലാശയങ്ങളും വറ്റി വരണ്ടു. ദിവസേനെയുള്ള കുടിവെള്ള വിതരണം പോലും ഇതുനിമിത്തം താറുമാറായിരിക്കുകയാണ്.

ഒരു ദിവസം ഏകദേശം 830 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ചെന്നൈയ്ക്ക് ആവശ്യമായി വരുന്നത്. എന്നാല്‍ ജലദൗര്‍ലഭ്യം കാരണം ഇതിന്റെ നേര്‍പകുതി മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും മൂന്ന് ദിവസം കൂടുമ്പോള്‍ മാത്രമാണ് പൈപ്പില്‍ വെള്ളം എത്തുന്നത്. ഇത് മറികടക്കാന്‍ വിവിധയിടങ്ങളില്‍ 300 ഓളം വാട്ടര്‍ ടാങ്കുകള്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button