ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശിയര്‍ക്കുള്ള വിസാ ഫീസ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 50 ശതമാനം വര്‍ദ്ധനവാണ് വരുത്തിയത്. എല്ലാ വിഭാഗം വിസയുള്ളവര്‍ക്കും ഇത് ബാധകമാണ്. ആസ്‌ട്രേലിയ, അമേരിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ വിസാ ഫീസ് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണിത്. യു.എസ്, ബ്രിട്ടന്‍, ഇസ്രായേല്‍, കാനഡ, യു.എ.ഇ എന്നീ പൗരന്മാര്‍ക്കുള്ള വിസാ ഫീസില്‍ അടുത്തിടെ സര്‍ക്കാര്‍ വര്‍ദ്ധന വരുത്തിയിരുന്നു.
ഒരു വര്‍ഷം വരെയുള്ള ടൂറിസ്റ്റ് വിസയ്ക്ക് 100 ഡോളര്‍ ആയിരുന്നത് ഇനി മുതല്‍ 153 ഡോളറായിരിക്കും. ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള വിസകള്‍ക്ക് 306 ഡോളറാണ് പുതിയ ഫീസ്. 120 ഡോളറായിരുന്നു നേരത്തെ ഫീസ്. ബ്രിട്ടനില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 162 ഡോളറായിരുന്നത് 248 ഡോളറായി ഉയര്‍ത്തി. അഞ്ചു വര്‍ഷത്തെ വിനോദ സഞ്ചാര വിസയ്ക്ക് 484 ഡോളറിന്റെ സ്ഥാനത്ത് 741 ഡോളര്‍ നല്‍കേണ്ടി വരും. കാനഡ, അയര്‍ലണ്ട്, ഫ്രാന്‍സ്, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തൊഴില്‍ വിസയ്ക്ക് അഞ്ചു വര്‍ഷത്തേക്ക് 549 ഡോളറാണ് നല്‍കേണ്ടത്. നേരത്തെ ഇത് 300 ഡോളറായിരുന്നു.
അതേസമയം, ഇസ്രായേലില്‍ നിന്നുള്ള ഹ്രസ്വകാല തൊഴില്‍ വിസയ്ക്ക് 1714 ഡോളറാണ് നല്‍കേണ്ടത്. നേരത്തെയിത് 1120 ഡോളറായിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ളവര്‍ക്കുള്ള എല്ലാ വിഭാഗം വിസയുടേയും ഫീസ് 15 രൂപയായിരുന്നത് 100 രൂപയായി ഉയര്‍ത്തി.
Post Your Comments