KeralaLatest News

കടിഞ്ഞൂല്‍ പ്രസവത്തില്‍ നാലുകണ്‍മണികള്‍ ലഭിച്ച സന്തോഷത്തില്‍ ദമ്പതികള്‍

തിരുവനന്തപുരം : കടിഞ്ഞൂല്‍ പ്രസവത്തില്‍ നാലുകണ്‍മണികള്‍ ലഭിച്ച സന്തോഷത്തില്‍ ദമ്പതികള്‍. നെടുമങ്ങാട് സ്വദേശികളായ ജിതിന്‍-ആശാദേവി ദമ്പതികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നത്. ഗൈനക്കോളജിസ്റ്റ് ഡോ. അനുപമയുടെ നേതൃത്വത്തില്‍ അമ്മ ആശയും നിയോ നാറ്റോളജി വിദഗ്ധ ഡോ. ജയയുടെ നേതൃത്വത്തില്‍ കുട്ടികളും പരിചരണത്തിലാണ്. ഗര്‍ഭകാലത്ത് നടത്തിയ പരിശോധനയില്‍ നാലുകുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത ഡോക്ടര്‍ തിരിച്ചറിഞ്ഞിരുന്നു.

മുറിഞ്ഞപാലം ജി.ജി ആശുപത്രിയാണ് ഈ പ്രസവത്തിന് സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ ഓരോ മിനിറ്റ് ഇടവിട്ടായിരുന്നു ആശ ഒരു ആണ്‍കുഞ്ഞിനും മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയത്. മൂത്തയാള്‍ ആണ്‍കുട്ടിയാണ്. എട്ടരമാസം ആയപ്പോഴാണ് പ്രസവം. നാലുകുട്ടികള്‍ക്കും ശാരീരികമായി ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

രണ്ടു കുട്ടികള്‍ക്ക് 1.4 കിലോഗ്രാം വീതവും മറ്റു രണ്ടു പേര്‍ക്ക് 1.7, 1.3 എന്നിങ്ങനെയുമാണ് ശരീരഭാരം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ആണ്‍കുട്ടിക്ക് അശ്വജിത്ത് എന്നും പെണ്‍മക്കള്‍ക്ക് ആര്യജിത്ത്, അനന്യജിത്ത്, അനജജിത്ത് എന്നുമാണ് പേര്. ആശ വീട്ടമ്മയാണ്. ബാങ്ക് ജീവനക്കാരനാണ് ജിതിന്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button