കോഴിക്കോട്: ആദിവാസി സംഘടനാ നേതാവ് സി കെ ജാനു കാറ് വാങ്ങിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പല വിമർശനങ്ങളും ഉയർന്നിരുന്നു.എന്നാൽ താൻ കാറുവാങ്ങിയതിന് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സികെ ജാനു തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.തന്റെ സ്വന്തം പണം ഉപയോഗിച്ചാണ് താൻ കാർ വാങ്ങിയതെന്ന് ജാനു വ്യക്തമാക്കി. കുരുമുളക് കൃഷിയിലൂടെ ലഭിച്ച കാശുകൊണ്ടാണ് താൻ കാറ് വാങ്ങിയത്.
പോയ വര്‍ഷം 5 ലക്ഷം രൂപയുടെ കുരുമുളക് വിറ്റെന്നും , അതിൽ നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് താൻ കാറ് വാങ്ങിയതെന്നും അവർ വ്യക്തമാക്കി. ജാനു കാര്‍ വാങ്ങിയതായിരുന്നു സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം.ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ ആദിവാസിയായ ജാനു വാങ്ങിയതെങ്ങിനെയെന്ന വികലമായ ചോദ്യമായിരുന്നു പലരും ഉന്നയിച്ചത്.
ഇത്രയും തുകമുടക്കി ജാനു കാര്‍ വാങ്ങിയത് ആദിവാസികളെ വഞ്ചിച്ചുണ്ടാക്കിയ പണമാണെന്നും എന്‍ഡിഎ കൂട്ടുകെട്ടിലൂടെ ഉണ്ടാക്കിയ പണമാണെന്നും ചിലര്‍ അധിക്ഷേപിച്ചിരുന്നു.കാറ് വാങ്ങുന്ന ആദ്യത്തെ ആദിവാസിയൊന്നുമല്ല താനെന്നും കുറിച്യ, മുള്ളു കുറുമ, മലയര്‍ ഈ സമുദായങ്ങളില്‍ പലര്‍ക്കും കാറുണ്ടെന്നും അവർ ഓർമ്മിപ്പിക്കുന്നു. എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ജാനുവും അവരുടെ കാറും.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തു പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ ബിജെപി പ്രവർത്തകയും പ്രവാസിയുമായ ശില്പ നായരോടൊപ്പം ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന ജാനുവിനെ ഫോര്‍ക്ക് ഉപയോഗിച്ച് കഴിച്ചു എന്ന രീതിയിൽ പലരും അധിക്ഷേപിച്ചതും വിവാദമായിരുന്നു.

Post Your Comments