KeralaLatest NewsNews

പുതുവൈപ്പിനില്‍ നിര്‍മ്മിയ്ക്കുന്ന എല്‍.പി.ജി പ്ലാന്റ് സുനാമിയേയും ബോംബ് സ്‌ഫോടനത്തേയും അതിജീവിയ്ക്കാന്‍ ശേഷിയുള്ളത്

 

തിരുവനന്തപുരം : കൊച്ചി പുതുവൈപ്പിനില്‍ നിര്‍മ്മിയ്ക്കുന്ന എല്‍.പി.ജി പ്ലാന്റ് സൂനാമിയും ബോംബ് സ്‌ഫോടനവും നടന്നാല്‍പോലും തകരാര്‍ സംഭവിക്കാത്ത തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൗണ്ടന്‍ ബുള്ളര്‍ രീതിയിലാണു പുതുവൈപ്പിനില്‍ എല്‍പിജി പ്ലാന്റ് നിര്‍മിക്കുന്നത്.

ലോകത്ത് ഈ രീതിയില്‍ നിര്‍മിച്ച ഒരു പ്ലാന്റിനും ഇതുവരെയും അപകടം സംഭവിച്ചിട്ടില്ല. 45 മുതല്‍ 75 വരെ മില്ലീമീറ്റര്‍ കനമുള്ള ബോയ്ലര്‍ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ചാണു നിര്‍മാണം. ഇതിനു പുറമെ രണ്ടു മീറ്റര്‍ കനത്തില്‍ മണലും ഒന്നേകാല്‍ മീറ്റര്‍ കനത്തില്‍ റീ-ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റും സുരക്ഷാകവചം തീര്‍ക്കും. ബോയിലിങ് ലിക്വിഡ് എക്‌സ്പാന്‍ഡിങ് വേപര്‍ എക്‌സ്‌പ്ലോഷന്‍ (ബിഎല്‍ഇവിഇ) സാങ്കേതിക ശൈലിയിലാണു സുരക്ഷ. അപകടം ഉണ്ടാകണമെങ്കില്‍ താപനില 480 ഡിഗ്രിയില്‍ എത്തണം.

എന്നാല്‍ താപനില 80ല്‍ എത്തിയാല്‍ തന്നെ അതു കുറയ്ക്കാനുള്ള സംവിധാനം ഉണ്ട്. അതിനാല്‍ വാതകചോര്‍ച്ച ഉണ്ടാകുമെന്ന ഭയം വേണ്ട. കാലപ്പഴക്കത്താലും അപകടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. മദ്രാസ് ഐഐടി നടത്തിയ പഠനത്തിലും പ്ലാന്റ് നിര്‍മാണത്തില്‍ പിഴവില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ആശങ്ക ഗൗരവമായി കാണുന്നു.

കേന്ദ്ര പദ്ധതിയായ പ്ലാന്റ് നിര്‍മാണത്തിനു 2010 ജൂലൈ അഞ്ചിനു പാരിസ്ഥിതികാനുമതി ലഭിച്ചു. 2012ലാണു നിര്‍മാണം ആരംഭിച്ചത്. ഇതിനെതിരെ ചിലര്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. വിശദമായ വാദം കേട്ട ട്രൈബ്യൂണല്‍ നിര്‍മാണത്തിന് അനുമതി നല്‍കി. പിന്നീടു ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയും നിര്‍മാണത്തിന് അനുകൂലമായാണു വിധിച്ചത്.

പിന്നീടു കേന്ദ്രത്തിന്റെയും കേരളത്തിന്റെയും വിദഗ്ധര്‍ അടങ്ങിയ സമിതി നടത്തിയ പരിശോധനയിലും പദ്ധതിയെ എതിര്‍ത്തില്ല. കടല്‍ഭിത്തി നിര്‍മിക്കാന്‍ ഐഒസി 50 കോടി രൂപ ചെലവഴിക്കും. മദ്രാസ് ഐഐടിയുടെ നിര്‍ദേശപ്രകാരം 15 കോടി രൂപ ചെലവില്‍ പാറ ഉപയോഗിച്ചു ബണ്ട് നിര്‍മിക്കാനും ഐഒസി തീരുമാനിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button