ദുബായ്: രാജ്യഭരണത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് സൗദി അറേബ്യയുടെ പുതിയ കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ്. മി. എവരിത്തിംഗ് എന്ന് പാശ്ചാത്യമാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്ത് നിന്നാണ് ഉപപ്രധാനമന്ത്രി പദത്തിലേക്ക് സല്മാന് ഉയര്‍ത്തപ്പെടുന്നത്. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിനായി സല്മാന് രാജാവ് നിയോഗിച്ച സമിതിയുടെ തലവന്‍ കൂടിയാണ് മുഹമ്മദ് ബിന്‍ സല്മാന്. പുതിയ പ്രഖ്യാപനത്തോടെ രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയായി മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ് മാറി.
സല്മാന് രാജാവിന്റെ മൂന്നാം ഭാര്യയിലെ മൂത്ത മകനാണ് മുഹമ്മദ് ബിന്‍ സല്മാന്. നിയമത്തില്‍ ബിരുദമുള്ള സല്മാന് രാഷ്ട്രീയത്തിലേക്ക് സജീവമായി കടക്കുന്നതിന് മുന്‍പ് സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിച്ചത്. ഇപ്പോഴത്തെ സൗദി രാജാവ് റിയാദിന്റെ ഗവര്‍ണറായിരുന്ന സമയത്താണ് സല്മാന് അദ്ദേഹത്തിന്റെ ഉപദേശകസ്ഥാനത്തേക്ക് വന്നുകൊണ്ട് രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. പിന്നീട് പിതാവിനൊപ്പം നിഴലായി ഇദ്ദേഹം ഉണ്ടായിരുന്നു.
അബ്ദുള്ളാ രാജാവിന്റെ മരണശേഷം സല്മാന് രാജാവ് അധികാരത്തിലെത്തിയപ്പോഴാണ് സല്മാന് പ്രതിരോധ മന്ത്രിയാകുകയും ഡെപ്യൂട്ടി ക്രൗണ്‍ പ്രിന്‍സാകുകയും ചെയ്തത്. ആഗോള എണ്ണവില ഇടിവില്‍ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സില്‍ വിള്ളല്‍ വീണപ്പോള്‍ സല്‍മാന്റെ നേതൃത്വത്തിലാണ് വിഷന്‍ ഫോര്‍ ദ് കിംങ്ഡം ഓഫ് സൗദി അറേബ്യ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കും സാമൂഹിക സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്.
എണ്ണ ഉത്പന്നങ്ങള്‍, വൈദ്യുതി, വെള്ളം എന്നിവയ്ക്ക് സൗദി നല്കി വന്നിരുന്ന സബ്സിഡി സല്മാന് നിര്‍ത്തലാക്കി. ആഢംബര വസ്തുക്കള്‍ക്കും സുഗര്‍ ഡ്രിങ്ക്സിനും വാറ്റ് ഉള്‍പ്പെടെയുള്ള നികുതി സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തി. 2020 ഓടെ എണ്ണ ഇതര സ്രോതസ്സുകളില്‍നിന്ന് 100 ബില്യണ്‍ ഡോളര്‍ വരുമാനം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടികള്‍ കൊണ്ടുവന്നത്.
സാധാരണക്കാരായ ജനങ്ങളെ നികുതി ഭാരം കൊണ്ട് ബുദ്ധിമുട്ടിക്കുക എന്നതായിരുന്നില്ല സല്മാന് രാജാവിന്റെ നയം, മറിച്ച് സമ്പന്നര്‍ക്ക് മേല്‍ മാത്രം നികുതി ചുമത്തുക എന്നതായിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും പരമ്പരാഗത ചിന്തയായിരുന്നില്ല സല്‍മാനുള്ളത്. സൗദിയില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ സാധിക്കില്ല, ആണ് തുണയില്ലാതെ പുറത്തു പോകാന്‍ പാടില്ല. ഇത്തരം ആചാരങ്ങളില്‍ മാറ്റം വരണമെന്ന് തുറന്നു പറഞ്ഞിട്ടുള്ള ഭരണാധികാരിയാണ് സല്മാന്.
നബിയുടെ കാലത്ത് സ്ത്രീകള്‍ ഒട്ടകം ഓടിച്ചിരുന്നെങ്കില്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് ആധുനിക ഒട്ടകമായ കാര്‍ ഓടിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. യു.എസ്. ഉള്‍പ്പെടെയുള്ള പാശ്ചാത്യ ഭരണകൂടങ്ങളുമായി സല്മാന് നല്ല ബന്ധമാണുള്ളത്. അദ്ദേഹം ഭരണത്തില്‍ വരുന്നതോടെ സൗദിയില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
Post Your Comments