KeralaNews Story

പുതുവൈപ്പ് നൽകുന്നത് കുണ്ടൻകുളത്തിന്റെ ഓർമ്മകളാവുമ്പോൾ, ചിന്തിക്കേണ്ടതിന്റെയും ഓര്‍മ്മിക്കേണ്ടതിന്റെയും ഗൌരവം കാട്ടിത്തരുന്ന കെവിഎസ് ഹരിദാസിന്റെ ശ്രദ്ധേയമായ ലേഖനം

കെ വി എസ് ഹരിദാസ്

എറണാകുളത്ത് പുതുവൈപ്പിനിലെ എൽപിജി ടാങ്കർ നിർമ്മാണം സംബന്ധിച്ച വിവാദം ദൗർഭാഗ്യകരമാണ് എന്നതിൽ സംശയമില്ല. ആ മേഖലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ സദുദ്ദേശത്തടെയാണ് എന്ന് കരുതാൻ തീരെ നിർവാഹമില്ല. അത്തരത്തിലുള്ള പ്രക്ഷോഭങ്ങൾ പലപ്പോഴും ആ മേഖലയിൽ,കേരളത്തിൽ മുൻപും കണ്ടിട്ടുണ്ട്. ഇന്നിപ്പോൾ നടപ്പാക്കുന്നത് കേരളത്തിന്, കേരളത്തിലെ ജനങ്ങൾക്ക് ഗുണകരമാവുന്ന ഒരു പ്രൊജക്റ്റ് ആണ്. അത് നടപ്പിലാക്കുന്നത് പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ( ഐഒസി) ആണ് . പദ്ധതിക്കാവശ്യമായ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. ആവശ്യമായ എല്ലാ അനുമതികളും അവർ വാങ്ങിയിട്ടുമുണ്ട്. ആ പദ്ധതി അവിടെവന്നാൽ അത് സംഭവിക്കും ഇത് സംഭവിക്കും തുടങ്ങിയ വാദഗതികൾ വെറും ഊഹാപോഹങ്ങളാണ് എന്നതും നാം കണക്കിലെടുക്കണം. ഈ നീക്കങ്ങൾക്ക് , സമരങ്ങൾക്ക്, പിന്നിൽ ചില രാജ്യവിരുദ്ധ ശക്തികൾ ഉണ്ടെന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകടനങ്ങളും നാം കാണാതെ പൊയ്‌ക്കൂടാ.

കേരളത്തിൽ ഏത് വികസന പദ്ധതികൾ വന്നാലും അതിനെതിരെ രംഗത്തുവരുന്നത് ചിലരുടെ ആസൂത്രിത നീക്കമാണ്. ദേശീയ പാത വികസനം സംബന്ധിച്ച്‌ അത്തരം ചില സമരങ്ങൾ നാമൊക്കെ കണ്ടതാണ്. കൊച്ചിയിൽ നിന്ന് എൽഎൻജി പൈപ്പ്‌ലൈൻ വടക്കോട്ട് ഇടുന്നതിന്റെ പേരിൽ നടന്നതും അത്തരം ചില സമരങ്ങളാണ്. സ്ഥലം നഷ്ടപ്പെടുന്നവരുടെ വേദനം മനസിലാവും. പക്ഷെ നല്ല വില കിട്ടിയാൽ പ്രശ്നങ്ങളില്ലാതിരുന്നവരെ, വിഷമങ്ങൾ ഇല്ലാതിരുന്നവരെ, പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തെരുവിൽ കൊണ്ടുവരാനായിരുന്നു ശ്രമങ്ങൾ. ഈ രണ്ട് സമരങ്ങൾക്കും പിന്നിൽ കുറെ സാധാരണക്കാർ ഉണ്ടായിരുന്നുവെങ്കിലും അതിന്റെ ആസൂത്രകൻ സംശയാസ്പദമായ സാഹചര്യങ്ങളിൽ പെട്ടിട്ടുണ്ട് എന്ന് കരുതപ്പെടുന്ന ചില സംഘടനകളാണ്. അതിനു വലിയ ജനപിന്തുണയൊന്നും ഒരിടത്തും ഉണ്ടായിരുന്നില്ല. നൂറാളെ ഒരിടത്ത് സംഘടിപ്പിക്കാൻ അവർക്കാവുമായിരുന്നില്ല. പക്ഷെ അവർ അവിടെയും ഇവിടെയും ആഴ്ചകളോളം, മാസങ്ങളോളം സമരം ചെയ്യാൻ മുതിർന്നു. കുറെ ‘പരിസ്ഥിതി വാദികളും’ അവർക്കൊപ്പം അണിനിരന്നതും ഇടയ്ക്കു നാമൊക്കെ കാണുകയുണ്ടായി. ദേശീയതലത്തിൽ സജീവമായിരുന്ന ഇത്തരം ചില പരിസ്ഥിതിക്കാരെ ഇന്നിപ്പോൾ കുറവായെ കാണാറുള്ളൂ. കാരണം വിദേശത്തുനിന്നും എൻജിഒകളുടെ മറവിൽ, കോടികൾ കൈപ്പറ്റിയിരുന്നതിന് വലിയ വിഘാതം ഇന്നിപ്പോൾ സംഭവിച്ചിരിക്കുന്നു. ഞാൻ നേത്തെ സൂചിപ്പിച്ച ചില സംശയാസ്പദമായ സംഘടനകൾ തന്നെയാണ് കൊച്ചിയിലെ ഇന്നത്തെ സമരത്തിന്റെയും പിന്നിലുള്ളത് എന്നതാണ് കാണേണ്ടത്. അടുത്ത ദിവസം ജില്ലാതല ഹർത്താൽ പ്രഖ്യാപിച്ചവരെയും മറന്നുകൂടാ.

വൈപ്പിനിൽ ഇത്തരം സമരങ്ങൾ കുറെനാളായുണ്ട്. ചില മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന് പറയുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇക്കൂട്ടർ മാവോയിസ്റ്റൊന്നുമാണ് എന്ന് തോന്നുന്നില്ല, എന്നാൽ ആ നിലക്കാണ് പെരുമാറ്റം എന്ന് പോലീസ് തന്നെ പറയുന്നു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ സംബന്ധിച്ച പ്രവർത്തനം ആരംഭിക്കുന്ന ഘട്ടത്തിലും അവർ സമരത്തിനൊരുങ്ങിയത് മറന്നുകൂടാ. എറണാകുളം കായലിൽ ഡ്രഡ്‌ജിംഗ് നടത്തിയാൽ മത്സ്യ സമ്പത്ത് നഷ്ടമാവുമെന്നും മറ്റുമാണ് അന്നവർ ആക്ഷേപിച്ചത്. ഇന്ത്യയുടെ അഭിമാനമായ ആ പദ്ധതി തകർക്കുകയായിരുന്നില്ലേ അവരുടെ ലക്ഷ്യമെന്ന്‌ ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവാത്ത സ്ഥിതി. അതിനുശേഷമാണ് അവിടെ, പുതുവൈപ്പിനിൽ തന്നെ എൽഎൻജി ടെർമിനൽ വന്നത്. വലിയ പദ്ധതിയായിരുന്നു അത്. അയ്യായിരം കോടിയാണ് അവിടെ നിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്നത്. അതിനായി കാര്യങ്ങൾ നീക്കിയപ്പോൾ ചിലർ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. എൽഎൻജി ടാങ്കുകൾ നിർമ്മിക്കുന്നത് തടയലായിരുന്നു ലക്‌ഷ്യം. പദ്ധതി വൈകുന്നതിൽ അതും ഏറെ സഹായിച്ചിട്ടുണ്ട്. അയ്യായിരം കോടിയുടെ പദ്ധതിയെ തകർക്കാൻ ലക്ഷ്യമിട്ടവർ തന്നെയല്ലേ ഇന്നിപ്പോൾ എൽപിജി പദ്ധതിക്കെതിരെ രംഗത്തുള്ളതെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. എൽഎൻജി ടെർമിനലും ടാങ്കുകളും ഒക്കെ തയ്യാറായെങ്കിലും അത് കേരളമാസകാലം, അല്ല തമിഴ്നാട്ടിലേക്കും കര്ണാടകയിലേക്കും കൊണ്ടുപോകാൻ തടസമായി വന്നത്, നേരത്തെ പറഞ്ഞതുപോലെ, ഇതേ കൂട്ടർ തന്നെ. വെള്ളത്തിൽ വിമാനമിറക്കാൻ ഒരു പദ്ധതി വന്നതും പലരും ഓർക്കുന്നുണ്ടാവും. അതും മത്സ്യ സമ്പത്ത്‌ നശിക്കുമെന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിച്ചു.

എൽഎൻജി പൈപ്പ്‌ലൈൻ പൂർത്തിയായാൽ കേരളത്തിന് നികുതിവകയിൽ ഏതാണ്ട് 500 – 600 കോടി പ്രതിവർഷം കിട്ടുമെന്നത് മറന്നുകൂടാ. അതും ഇതിനിടയിൽ ഇത്രയും കാലം നഷ്ടമായി. കേരളത്തിലെ ദേശീയ പാത വികസനത്തിനായി ഏതാണ്ട് 35,000 കോടിയാണ് കേന്ദ്രം നീക്കിവെച്ചത്. അത്രയും തുക കേരളത്തിൽ ചിലവിടുമ്പോൾ ഇവിടെ ഉണ്ടാവുന്ന മാറ്റങ്ങൾ എന്താവുമെന്ന് കരുതാമല്ലോ. അതിനും തടസം തന്നെ. ഇതൊക്കെ ഇന്നിപ്പോൾ കുറെയെങ്കിലും നീക്കാൻ ശ്രമിച്ചത് പിണറായി സർക്കാരാണ് എന്നതും സ്മരിക്കാതെ വയ്യ. ദേശീയ പാത വികസനവും സർക്കാരിന്റെ അജണ്ടയിലുണ്ട് എന്നത് നല്ലതുതന്നെ. വികസനപദ്ധതികൾ അനാവശ്യകാരണങ്ങൾ പറഞ്ഞുകൊണ്ട് അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ കൈകാര്യം ചെയ്യാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് വ്യക്തം. അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വികസന കാര്യത്തിൽ രാഷ്ട്രീയമോ പ്രാദേശികമോ ആയ പ്രതിബന്ധങ്ങൾ പാടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത നമ്മൾ പിന്തുടരുക തന്നെവേണം.

പുതുവൈപ്പിനിൽ നടക്കുന്ന സമരത്തിന്റെ പേരിൽ ഇപ്പോൾ ചിലർ തെരുവിലിറങ്ങുന്നതാണല്ലോ വിഷയം. ഇന്നിപ്പോൾ സംസ്ഥാന ഡിജിപി ടിപി സെൻകുമാർ പറഞ്ഞത് പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലുള്ള ദിവസം എറണാകുളം നഗരത്തിൽ ചില സമരങ്ങൾ നടത്താൻ ‘സമരക്കാർ’തയ്യാറായതാണ് പ്രശ്നം. മോഡിയാവട്ടെ ഇത്തവണ വരുമ്പോൾ “സെക്യൂരിറ്റി ത്രെട്ട് ‘ ( കടുത്ത ഭീഷണി) ഉണ്ടായിരുന്നുതാനും. ഒരു ഭീകര സംഘം അദ്ദേഹത്തെ ലക്ഷ്യമിട്ട് കൊച്ചിയിലുണ്ട് എന്നായിരുന്നുവത്രെ ഇന്റലിജൻസ് നൽകിയ സൂചനകൾ. അതിനിടയിൽ നഗരം സ്തംഭിപ്പിക്കുമാറ് സമരം നടത്താൻ വന്നവരുടെ ലക്ഷ്യത്തെ നല്ല ഉദ്ദേശത്തോടെ കാണണോ?. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന് പോലീസ് സംശയിച്ചത് ചെറിയ കാര്യമല്ലല്ലോ. ആ സംഘടനകൾ ഏതെന്ന് സാധാരണ മലയാളിക്കറിയാം,ഞാൻ അവയുടെ പേരുകൾ എഴുതേണ്ടതില്ല. കൈവെട്ടും കാൽവെട്ടുമൊക്കെ ശീലിച്ചവരെ, അന്തർദേശീയ ബന്ധങ്ങളുള്ളവരെ നിലക്ക് നിർത്തേണ്ടതില്ല എന്നാണോ പറയേണ്ടത്?. മലയാളികൾ ഗൗരവത്തിൽ ചിന്തിക്കേണ്ടുന്ന കാര്യമാണ് ഇതെല്ലാം എന്ന് മാത്രമേ സൂചിപ്പിക്കുന്നുള്ളൂ.

ഇവിടെ ഇപ്പോൾ എൽപിജി ടാങ്കർ നിർമ്മിക്കുന്നത് പൊതുമേഖലാ സഥാപനമായ ഐഒസി ആണെന്ന് ഞാൻ നേരത്തെ പറഞ്ഞു. അതിനെതിരെ രംഗത്തുവരുന്നവർ ദേശവിരുദ്ധരെന്ന് സാധാരണ നാമൊക്കെ പറയാറുള്ള ഗണത്തിൽ പെടുത്തപ്പെടുന്നവരും. അപ്പോൾ ആ സമരത്തെ ബിജെപി എങ്ങിനെയാണ് കാണേണ്ടത് എന്നത് ഞാൻ പായേണ്ടതില്ല. എൽപിജി ടാങ്കർ സംബന്ധിച്ച്‌ സുരക്ഷയുടെയും മറ്റും പേരിലുള്ള ആശങ്കകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തടയേണ്ട ചുമതലയും ബിജെപിക്കുണ്ട് എന്നല്ലേ കരുതേണ്ടത്?

ഒരു കാര്യം കൂടി ഞാൻ ഓർമ്മിപ്പിച്ചുകൊണ്ട് ഇത് അവസാനിപ്പിക്കാം. ഏതാനും വർഷങ്ങൾക്കുമുൻപ് തമിഴ്‌നാട്ടിൽ കുണ്ടൻകുളത്ത് ആണവ പ്ലാന്റ് സ്ഥാപിക്കാൻ തുടങ്ങിയപ്പോഴും ഇതേ തരത്തിലുള്ള സമരം നടന്നിരുന്നു. അതിനുപിന്നിലും ചില ക്രൈസ്തവ സംഘടനകളും ഉണ്ടായിരുന്നു. അന്നുതന്നെ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയതാണ്, ഈ സമരക്കാർക്ക് വിദേശ പണം കിട്ടുന്നു എന്ന്. അത് ഇവിടെയെത്തുന്നത് ഏതെല്ലാംവിധത്തിലാണ്, ആരാണ് അതിനു പിന്നിൽ എന്നതൊക്കെ നമ്മുടെ മാധ്യമങ്ങൾ വിശദമായി എഴുതിയതുമാണ്. അതുസംബന്ധിച്ച രണ്ട്‌ വർത്തകളുടെ ലിങ്ക് ഞാൻ ഇവിടെ ചേർക്കുന്നു. ഒന്ന്, ‘ന്യൂസ് മിനിറ്റ് .കോം’ പ്രസിദ്ധീകരിച്ചത്. മറ്റൊന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’യുടേത്.

ഇത് രാജ്യത്തെ സ്നേഹിക്കുന്നവർ കാണേണ്ടതാണ്, വായിക്കേണ്ടതാണ്. നമുക്ക് ഇത്തരം സമരങ്ങൾ ആവശ്യമുണ്ടോ, ഇത്തരം സമരക്കാരെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടത്? ജനങ്ങളിൽ ഭീതി പരത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം എല്ലാവരും എന്നും ഓർമ്മിപ്പിക്കട്ടെ. കറൻസി റദ്ദാക്കലിനും അനധികൃത എൻജിഒകൾക്ക് വിദേശപണം ലഭിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനും ശേഷം കുറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ, പുതുവൈപ്പ് നൽകുന്നത് കുണ്ടൻകുളത്തിന്റെ ഓർമ്മകളാവുമ്പോൾ ……. ചിന്തിക്കേണ്ട സമയമാണ് എന്ന് പറയുന്നത് അതുകൊണ്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button