- പല സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് നല്‍കുന്നത് നാലക്ക ശമ്പളം. ഇപ്പോള്‍ പനിക്കാലം ആയതിനാല്‍ ഇത്തരം സ്വകാര്യ ആശുപത്രികളില്‍ പലപ്പോഴും നഴ്‌സുമാര്‍ക്ക് മണിക്കൂറുകളോളം അധിക സമയം ജോലി ചെയ്യേണ്ടി വരുന്നു.
- പല ആശുപത്രികളിലും 5000 മുതല്‍ 8000 രൂപ വരെയാണ് നഴ്‌സുമാരുടെ ശമ്പളം.
തിരുവനന്തപുരം: കേരളം പനിച്ച് വിറയ്ക്കുകയാണ്. ഓരോ ദിവസവും സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടുന്നത് ആയിരക്കണക്കിന് രോഗികളാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്ക് പരിമിതികള്‍ ഉണ്ടെന്നതിനാല്‍ കൂടുതല്‍ രോഗികളും ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രികളിലാണ്. അവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് തന്നെ പറയണം. അഡ്മിറ്റ് ചെയ്യുന്നതുമുതല്‍ ഭൂമിയിലെ മാലാഖമാര്‍ ചിരിച്ചുകൊണ്ടുതന്നെ രോഗികളെ ശുശ്രൂശിക്കുന്നു. എന്നാല്‍ അവരുടെ ശമ്പളം കേട്ടാല്‍ നാം തന്നെ അന്തിച്ചു പോകും. പല സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് നല്‍കുന്നത് നാലക്ക ശമ്പളം. ഇപ്പോള്‍ പനിക്കാലം ആയതിനാല്‍ ഇത്തരം സ്വകാര്യ ആശുപത്രികളില്‍ പലപ്പോഴും നഴ്‌സുമാര്‍ക്ക് മണിക്കൂറുകളോളം അധിക സമയം ജോലി ചെയ്യേണ്ടി വരുന്നു. എന്നിട്ടും ശമ്പളത്തില്‍ മാറ്റമില്ല.തുച്ഛമായ ശമ്പളം കൃത്യ സമയത്ത് നല്‍കുന്നു പോലുമില്ല പല ആശുപത്രിയും. പല ആശുപത്രികളും ഇപ്പോഴും 2013 ഏപ്രിലില്‍ നടപ്പിലാക്കിയ മിനിമം വേജസ് കമ്മറ്റിയുടെ ശുപാര്‍ശയിലെ തുക പോലും നല്‍കുന്നില്ല എന്നതാണ് സത്യം. സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിംഗ് ഫീസ് എന്ന ഇനത്തില്‍ രോഗികളില്‍ നിന്നും ആശുപത്രി അധികൃതര്‍ തുക ഈടാക്കുന്നുണ്ടെങ്കിലും, ഇതിന്റെ ഒരു ശതമാനം തുക പോലും നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ല എന്നതാണ് സത്യം. കൃത്യ ജോലി സമയത്തിലും അധികമായി ജോലി നോക്കേണ്ടി വരുന്ന നഴ്‌സുമാര്‍ ഒരു ദിവസം അഞ്ച് മുതല്‍ ആറ് രോഗികളെയാണ് പരിപാലിക്കേണ്ടി വരിക. വലിയ ശമ്പളവും നല്ല ആശുപത്രിയിലെ ജോലിയും എല്ലാ നഴ്‌സുമാരും സ്വപ്‌നം കാണുന്നുണ്ടെങ്കിലും എവിടെ ചെന്നാലും ഇവരെ പരമാവധി ചൂഷണം ചെയ്യുകയാണ് ആശുപത്രി ഉടമകള്‍.
പല ആശുപത്രികളിലും 5000 മുതല്‍ 8000 രൂപ വരെയാണ് നഴ്‌സുമാരുടെ ശമ്പളം. മൂന്നും, നാലും ലക്ഷം രൂപ ലോണെടുത്ത് പഠിച്ച ഇവര്‍ക്ക് ഈ ശമ്പളം ബാങ്കില്‍ ലോണിന്റെ പലിശ അടയ്ക്കാന്‍ പോലും തികയുന്നില്ല എന്നതാണ് സത്യം. 50 ശതമാനം കിടക്കകള്‍ മാത്രമുള്ള ആശുപത്രികളില്‍ മിനിമം 20,000 രൂപ ശമ്പളം നല്‍കണമെന്നാണ് കോടതി നിയോഗിച്ച കമ്മറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 200 കിടക്കകള്‍ക്ക് മുകളുലുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാലിത് പാടെ അവഗണിക്കുക മാത്രമല്ല, അധികം സമയം പണിയെടുപ്പിക്കുക കൂടി ചെയ്യുന്നു. ഇതിനിടെയാണ് കൃത്യമായ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുന്നത്. തങ്ങള്‍ക്ക് ലഭിക്കേണ്ട ശമ്പളം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ 11 ആശുപത്രികള്‍ സ്തംഭിപ്പിക്കുമെന്നാണ് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്താകമാനം പനി പടര്‍ന്നു പിടിക്കുന്നുണ്ടെങ്കിലും, ഇത് പരമാവധി മുതലെടുക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍. എന്നിട്ടും ആശുപത്രികളില്‍ പ്രധാന പങ്കു വഹിക്കുന്ന നഴ്‌സുമാര്‍ക്ക് അര്‍ഹമായ ശമ്പളവും, ആനുകൂല്യവും നല്‍കാത്തത് ഇവരുടെ സമരത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.
Post Your Comments