KeralaLatest NewsNews

മൂന്നാറില്‍ കൈയേറ്റ മാഫിയയെ സഹായിക്കുന്നത്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍

ഇടുക്കി: ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരാണ് മൂന്നാറില്‍ കൈയേറ്റ മാഫിയയെ സഹായിക്കുന്നതെന്ന് പോലീസ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചാണ് പള്ളിവാസല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ലക്ഷ്‌മി എസ്‌റ്റേറ്റിലെ വനപ്രദേശമടക്കം റിസോര്‍ട്ട്‌ മാഫിയ സ്വന്തമാക്കിയതെന്ന് ഇന്റലിജന്‍സ്‌ ഐ.ജിയുടെ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.

ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെയാണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചത്‌. ഏലത്തോട്ടം തൊഴിലാളികള്‍ക്കു താമസിക്കാനും പണിയായുധങ്ങള്‍ സൂക്ഷിക്കാനുമുള്ള ഷെഡ്‌ഡുകള്‍ നിര്‍മിക്കാനേ ഇവിടെ അനുമതി നല്‍കാറുള്ളൂ. ഇതിന്റെ മറവില്‍ തടസമില്ലാരേഖ (എന്‍.ഒ.സി) ഉപയോഗിച്ച്‌ സ്‌ഥലം മറിച്ചുവില്‍ക്കുകയും റിസോര്‍ട്ടുകള്‍ നിര്‍മിക്കുകയുമായിരുന്നു. സ്‌ഥലം കൈവശപ്പെടുത്തിയശേഷം കെട്ടിടനിര്‍മാണത്തിനു നിജസ്‌ഥിതി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ വില്ലേജ്‌ ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കും.

തുടര്‍ന്ന്‌, ഏലക്കുത്തകപ്പാട്ടഭൂമിയിലാണു നിര്‍മാണമെന്ന വസ്‌തുത മറച്ചുവച്ച്‌ തഹസില്‍ദാര്‍ക്കു റിപ്പോര്‍ട്ട്‌ കൊടുക്കുകയും അപേക്ഷകര്‍ക്കു നിജസ്‌ഥിതി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയുമാണു രീതി. സെവന്‍ സ്ലിങ്‌ റിസോര്‍ട്ട്‌, സന്ദീപ്‌ മാണി കോട്ടേജ്‌ തുടങ്ങിയവ ഇത്തരത്തില്‍ നിര്‍മിച്ചതാണന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ്‌ മാണിയുടെ കൈവശമുള്ള സ്‌ഥലം ഏലപ്പട്ടയത്തില്‍പ്പെട്ടതാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button