![Carscam](/wp-content/uploads/2017/06/Carscam.jpg)
അബുദാബി•1.3 ബില്യണ്‍ ദിര്‍ഹത്തിന്റെ ( 2287.65 കോടി ഇന്ത്യന്‍ രൂപ) കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 ലേറെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയ്ക്ക് മുന്‍പാകെ ഹാജരാക്കി. 3700 ലേറെ പേരാണ് തട്ടിപ്പിന് ഇരയായത്.
തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ലൈസന്‍സില്ലാതെ നിരവധി തൊഴിലുകളില്‍ ഏര്‍പ്പെടല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയതെന്ന് അബുദാബി അറ്റോണി ജനറല്‍ അലി മൊഹമ്മദ് അബ്ദുള്ള അല്‍ ബലൌഷി പറഞ്ഞു.
ആറുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസത്തിനുള്ളില്‍ 400 ലേറെ നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് വന്നതോടെയായിരുന്നു അന്വേഷണം.
കേസിലെ മുഖ്യപ്രതികള്‍ എല്ലാം എമിറാത്തികളാണ്. കൂട്ടുപ്രതികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരില്‍ ചിലര്‍ മുഖ്യപ്രതികളുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു,
വായ്പയ്ക്ക് കാര്‍ വില്പന നടത്തുമ്പോള്‍ വന്‍തുക വരുമാനമുണ്ടാക്കാമെന്ന് കാര്‍ ഡീലര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് മൂന്നംഗ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇവരുടെ വീടുകളില്‍ നിന്നും ഉടമസ്ഥതയിലുള്ള കാര്‍ ഷോറൂമുകളില്‍ നിന്നുമായി 53 മില്യണ്‍ ദിര്‍ഹം പോലീസ് പിടിച്ചെടുത്തതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. കൂടാതെ ഇവരുടെ 100 മില്യണ്‍ ദിര്‍ഹം നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്ക് ഇവര്‍ 100 ശതമാനം ലാഭമാണ് ആദ്യം വാഗ്ദാനം ചെയ്തത്. പിന്നീട് ഇത് 70 ഉം 80 ശതമാനത്തിനും ഇടയാക്കി കുറച്ചു. തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ലൈസന്‍സ് ഇല്ലാതെ നിക്ഷേപ ബിസിനസ് നടത്തിയതെന്ന് മുഖ്യപ്രതികളില്‍ ഒരാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
16 ഷോറൂമുകളില്‍ നിന്ന് 423 വാഹനങ്ങളും 3700 ചെക്കുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. തങ്ങളില്‍ നിന്ന് കാര്‍ വാങ്ങിയാല്‍ പിന്നീട് വലിയ ലാഭത്തില്‍ ഉയര്‍ന്നവിലയ്ക്ക് തങ്ങള്‍ വഴി വില്ക്കാന് കഴിയുമെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. നിക്ഷേപകരില്‍ നിന്നും പോസ്റ്റ് ഡേറ്റഡ് ചെക്കുകളും സംഘം വാങ്ങിയിരുന്നു. ആദ്യം നിക്ഷേപം നടത്തിയവര്‍ക്ക് സംഘം വാഗ്ദാനം ചെയ്ത ലാഭം നല്‍കിയിരുന്നു. ഇത് കൂടുതല്‍ പേര്‍ക്ക് പദ്ധതിയില്‍ ചേരുന്നതിന് പ്രേരകമായി. പിന്നീട് സംഘം നിക്ഷേപകരുടെ പണം മുഴുവന്‍ കൈവശപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ചില പ്രതികള്‍ വസ്തുക്കളും വീടുകളും ഓഹരികളും വാങ്ങിക്കൂട്ടി. ഒരു പ്രതി 10 മില്യണ്‍ ദിര്‍ഹം മുടക്കി ഒരു ഒട്ടകത്തെ വാങ്ങിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
യു.എ.ഇ ശിക്ഷാ നിയമപ്രകാരം വഞ്ചനയ്ക്ക് 3 വര്‍ഷം വരെ തടവ് ലഭിക്കാം. കള്ളപ്പണ ഇടപാടിന് 10 വര്‍ഷം വരെയും തടവ് ശിക്ഷ ലഭിക്കാം.
ഇത്രയും വലിയ കേസില്‍ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്ത എല്ലാ സുരക്ഷാ വിഭാഗങ്ങളെയും അറ്റോണി ജനറല്‍ അഭിനന്ദിച്ചു.
Post Your Comments