കരിപ്പൂര്‍: ഖത്തർ പ്രതിസന്ധിയിൽ കോഴിക്കോട് വിമാനത്താവളത്തിനു സഹായിക്കാനും നേട്ടമുണ്ടാക്കാനും കഴിയുന്നു. പ്രതിസന്ധിയെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്തവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഖത്തര്‍ പ്രധാനമായും മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയാണ് ആശ്രയിക്കുന്നത്. നേരത്തേ നാലുടണ്ണില്‍ താഴെയുണ്ടായിരുന്ന പ്രതിദിനകയറ്റുമതി ഖത്തര്‍ പ്രതിസന്ധിയോടെ എട്ടുമുതല്‍ 15 ടണ്‍വരെയായി ഉയര്‍ന്നു. ഇപ്പോള്‍ കോഴിക്കോട്ടെ കയറ്റുമതിക്കാര്‍ കോഴിക്കോടിനു പുറമെ കൊച്ചിയെക്കൂടി ഉള്‍പ്പെടുത്തിയാണ് സാധനങ്ങള്‍ കയറ്റുന്നത്. ഇതു കൂടിച്ചേരുമ്പോള്‍ ഖത്തറിലേക്കുള്ള മൊത്തം കയറ്റുമതി 65 ടണ്ണിനുമുകളിലായി ഉയരും.
കൊച്ചിയെ പ്രധാനമായും ആശ്രയിക്കാന്‍ കാരണം കോഴിക്കോട്ടുനിന്ന് വലിയ വിമാനങ്ങള്‍ ഇല്ലാത്തതാണ്. ഇപ്പോള്‍ ഖത്തര്‍ എയര്‍, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍ എന്നീ വിമാനക്കമ്പനികള്‍ വഴിയാണ് കോഴിക്കോട്ടുനിന്നുള്ള കയറ്റുമതി. കൊച്ചിയിലെത്തുമ്പോള്‍ ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നീ വിമാനക്കമ്പനികളും ഇവയോടൊപ്പം ചേരും. കോഴിക്കോട് വിമാനത്താവളം വഴി തേങ്ങ, ചെറുനാരങ്ങ, മാങ്ങ, വിവിധയിനം പച്ചക്കറികള്‍, സവാള എന്നിവയാണ് പ്രധാനമായും ഖത്തറിലേക്കയയ്ക്കുന്നത്.
നേരത്തേ ഇവിടേക്ക് കയറ്റുമതിയില്ലാതിരുന്ന പച്ചമുളക്, പുതിന, തക്കാളി, കോളിഫ്‌ളവര്‍, കാരറ്റ്, എന്നിവ പ്രതിസന്ധിയെത്തുടര്‍ന്ന് കയറ്റിയയയ്ക്കാന്‍ തുടങ്ങിയതായി കെ.എന്‍.പി. എക്‌സ്‌പോര്‍ട്ടേഴ്‌സ് ഉടമ സുഫിയാന്‍ പറയുന്നു. മറ്റു വിമാനക്കമ്പനികള്‍ പ്രതിസന്ധി മുന്നില്‍ക്കണ്ട് നിരക്കുയര്‍ത്തിയപ്പോള്‍ ഖത്തര്‍ എയര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയാണ് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത്.
Post Your Comments