ദോഹ: ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി യു.എ.ഇക്കും സൗദി അറേബ്യയ്ക്കും കനത്ത തിരിച്ചടി നല്‍കുന്നു. നേട്ടം കൊയ്യുന്നതാകട്ടെ ഒമാനും. ഖത്തറുമായി കൂടുതല്‍ വ്യാപാര പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഒമാന്‍. അവസരം മുതലെടുക്കാന്‍ കുവൈറ്റും ശ്രമിക്കുന്നുണ്ട്.
യു.എ.ഇയെ ഒഴിവാക്കി ഒമാനില്‍ നിന്നു ജലമാര്‍ഗം ചരക്കെത്തിക്കാന്‍ ഖത്തര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒമാനിലെ സോഹാര്‍ തുറമുഖത്ത് നിന്നു ദോഹയിലേക്ക് നേരിട്ട് ചരക്ക് എത്തിക്കുന്നതിന് ഇപ്പോള്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി ഖത്തറില്‍ നിന്നു വന്‍ വ്യവസായ സംഘം ഒമാനിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഖത്തറില്‍ നിന്നുള്ള 70 അംഗ വ്യവസായികളുടെ സംഘം ചൊവ്വാഴ്ച ഒമാനിലെത്തും. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനാണ് തീരുമാനം. ദുബായ് തുറമുഖം വഴി ഖത്തറിലേക്കു വന്നിരുന്ന ചരക്കുകള്‍ തടയുന്ന പശ്ചാത്തലത്തിലാണ് ഖത്തര്‍ പുതിയ വഴി തേടിയത്.
ഇരുരാജ്യങ്ങളിലും നിക്ഷേപം ആവശ്യമുള്ള സംരഭങ്ങളെ കുറിച്ചാകും വ്യവസായികള്‍ കാര്യമായും ചര്‍ച്ച ചെയ്യുക. ഒമാനിലും ഖത്തറിലും ഒരുപോലെ നിക്ഷേപമിറക്കാന്‍ ഇരുരാജ്യങ്ങളെയും വ്യവസായികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഖത്തറിലെ വ്യവസായികളെ കിട്ടുന്നത് ഒമാന് ഏറെ ഗുണം ചെയ്യും.
വാണിജ്യ സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ സഹകരണമാണ് ഖത്തര്‍ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ഥാനി പറഞ്ഞു. ഖത്തറിലും ഒമാനിലും പുതിയ സംരഭങ്ങള്‍ തുടങ്ങും. ഖത്തറിലുള്ളവര്‍ ഒമാനിലും തിരിച്ചും നിക്ഷേപമിറക്കും.
സംയുക്ത സംരഭത്തിനും ഊന്നല്‍ നല്‍കുമെന്ന് ശൈഖ് ഖലീഫ വ്യക്തമാക്കി. ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്റൈനും ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഒമാനാണ് ഖത്തറിന് ശക്തമായ പിന്തുണ നല്‍കിയത്. ഇതിന് ശൈഖ് ഖലീഫ നന്ദി അറിയിച്ചു. ഒമാന്‍ വഴിയാണ് ഇപ്പോള്‍ ദോഹയിലേക്ക് ജലമാര്‍ഗം ചരക്കുകള്‍ എത്തുന്നത്.
സൗദി ഉപരോധം പ്രഖ്യാപിച്ച ഉടനെ അവരുടെ കര അതിര്‍ത്തി അടച്ചിരുന്നു. പിന്നീടാണ് ഖത്തര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയത്. ഒമാനാണ് പൂര്‍ണ പിന്തുണ നല്‍കി രംഗത്തുവന്ന ജിസിസി രാജ്യം. മാത്രമല്ല, കുവൈത്തും ഖത്തറിനെ തള്ളിപ്പറഞ്ഞിട്ടില്ല. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാണ് കുവൈറ്റിന്റെ ആവശ്യം.
ഖത്തറിലെ മാര്‍ക്കറ്റുകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാമെന്ന് ഒമാനിലെ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധിക്കിടെ ഒമാനിലെ കമ്പനികള്‍ പുതിയ വിപണി കിട്ടിയ സന്തോഷത്തിലാണ്. യു.എ.ഇയും സൗദിയും കീഴടക്കിയിരുന്ന വിപണിയാണ് ഇപ്പോള്‍ ഒമാന് സ്വന്തമാകുന്നത്.
ദുബായ് തുറമുഖം നിരോധനം ഏര്‍പ്പെടുത്തിയപ്പോഴാണ് ഖത്തര്‍ ഒമാനിലെ സോഹാര്‍ തുറമുഖത്തെ ആശ്രയിച്ചത്. ഇവിടെ നേരത്തെ വിപുലീകരണ പദ്ധതികള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഖത്തറിലേക്കുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ചരക്കുകള്‍ ഒമാന്‍ തുറമുഖം വഴിയാണ് ദോഹയിലേക്ക് എത്തുന്നത്.
ആഴ്ചയില്‍ മൂന്ന് ദിവസമാണ് സോഹാറില്‍ നിന്നു ദോഹയിലേക്ക് ചരക്കുകള്‍ എത്തുന്നത്. ഇതോടെ സൗദിയും യുഎഇയും ബഹ്റൈനും ചുമത്തിയ ഉപരോധം ഫലം കാണാതെ വരികയാണ്. മാത്രമല്ല, ഖത്തറിന് പിന്തുണയുമായി ഇറാനും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു.
തുര്‍ക്കിയില്‍ നിന്നു 50 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ ഖത്തറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇറ്റലി, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഖത്തറിലേക്ക് ചരക്കുകള്‍ അയക്കുന്നത് തുടരുമെന്നാണ് അറിയിച്ചത്. ഇവരുടെ കപ്പലുകള്‍ ദുബായ് തുറമുഖത്തേക്കായിരുന്നു ആദ്യം എത്തിയിരുന്നത്. ഇപ്പോള്‍ ഒമാനിലേക്കാണ് പോകുന്നത്.
Post Your Comments