ജോലി സംബന്ധമായ അറിവ് മാത്രമല്ല വായനയുടെ ഗുണമെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. ഓരോ വ്യക്തിയിലും സാമൂഹികമായ ഉത്തരവാദിത്വം കൂട്ടി ദേശസേവന-മാനവസേവന സന്നദ്ധത വര്‍ദ്ധിപ്പിക്കുന്ന വായനാ ശീലം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എറണാകളും സെന്റ് തെരേസാസ് കോളേജില്‍ ദേശീയ വായന മാസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാക്ഷരതയുടെ കാര്യത്തിലും കേരളം രാജ്യത്തിന് മാതൃകയും വഴികാട്ടിയുമാണ്. ഇത്തരം നേട്ടങ്ങള്‍ ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം സംഭവിക്കുന്നതല്ലയെന്നും പി.എന്‍. പണിക്കരെപ്പോലെയുള്ള മഹാന്മാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും പറഞ്ഞ അദ്ദേഹം കേരളത്തെ അഭിനന്ദിച്ചു. സ്ത്രീവിദ്യാഭ്യാസ രംഗത്തും കേരളം മികവുറ്റ ഉദാഹരണമാണെന്നു പറഞ്ഞ പ്രധാന മന്ത്രി അക്ഷരാഭ്യാസമുള്ള ഒരു വനിതയ്ക്ക് രണ്ടു കുടുംബങ്ങളെ വിദ്യ അഭ്യസിപ്പിക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു. 2022-ല്‍ 300 ദശലക്ഷ അധഃസ്ഥിതരെ വായനാശീലമുള്ളവരാക്കുകയെന്ന ഫൗണ്ടേഷന്റെ ലക്ഷ്യം കേരളത്തിന്‍റെ സമഗ്ര പുരോഗതിക്കും വളര്‍ച്ചയ്ക്കും കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബൊക്കെകള്‍ക്കു പകരം പുസ്തകങ്ങള്‍ നല്‍കി സ്വീകരിച്ച രീതി ചടങ്ങിനെ മനോഹരമാക്കിയെന്നു അഭിപ്രായപ്പെട്ട അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പുസ്തക പ്രചാരങ്ങള്‍ക്ക് നടത്തിയാ ശ്രമങ്ങളെക്കുറിച്ചും സംസാരിച്ചു. കാലത്തിന്റെ അനിവാര്യതയായ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനെ അഭിനന്ദിച്ച മോദി മികച്ച സമൂഹത്തെയും രാജ്യത്തെയും സൃഷ്ടിക്കാന്‍ ഇതിനു കഴിയുമെന്നും പറഞ്ഞു.
ഫൗണ്ടേഷന്റെ പ്രചാരണത്തിനുള്ള പോസ്റ്റര്‍ പ്രകാശനവും പതഞ്ജലി യോഗ ട്രെയ്‌നിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ‘യോഗപൈതൃകം’ ത്രൈമാസികയുടെ പ്രകാശനവും ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു.
Post Your Comments