മലപ്പുറം/അങ്ങാടിപ്പുറം: റെയിൽവേ റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. വെയിലായാലും മഴയായാലും യാത്രക്കാർക്ക് എന്നും ദുരിതം തന്നെ. മഴ പെയ്താൽ ആകെയുള്ള ആശ്വാസം സ്വകാര്യ വ്യക്തിയുടെ വർക്ക്ഷോപ്പാണ്. ഇതിന്റെ തിണ്ണയിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. എന്നാൽ വെയിലായാൽ യാത്രക്കാർ തലയിൽ കൈവെച്ചും, കൈകളിലെ കവറുകളും മറ്റും തലയിൽ വെച്ചാണിവിടെ ബസ് കാത്തുനിൽപ്പ്.
ഇത് കോഴിക്കോട് ഭാഗത്തേക്കുള്ള സ്ഥിതിയാണെങ്കിൽ പെരിന്തൽമണ്ണ ഭാഗത്തേക്കുള്ളവർക്ക് ഇതിനേക്കാൾ ദുരിതമാണ് മഴയായാലും വെയിലായാലും എല്ലാം തുല്യം തന്നെ എല്ലാം സഹിച്ച് വേണം ഇവിടെ ബസ് കാത്തുനിൽക്കാൻ. മേൽപാല നിർമ്മാണം പൂർത്തിയായതോടെ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം അനാഥമായി. എന്നാൽ ഇതിനകത്തിരുന്നാൽ വാഹനം കടന്നു പോകുന്നത് പോലും കാണാൻ പ്രയാസകരമായതിനാൽ സമീപത്തെ സ്കൂൾ, ഗവ: പോളിടെക്നിക് വിദ്യാർത്ഥികൾ മാത്രമാണിപ്പോൾ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികൾ മുതൽ വിദൂര സ്ഥലങ്ങളിൽ നിന്നും ട്രെയിൻ മാർഗമെത്തുന്ന നിരവധി യാത്രക്കാരാണ് ഇവിടെ റോഡരികിൽ ബസ് കാത്തു നിൽക്കുന്നത്. പരിചയക്കുറവ് മൂലം 50 മീറ്ററിനുള്ളിൽ രണ്ടിടങ്ങളിലായാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. എന്നാൽ എവിടെ ബസ് നിർത്തും എന്നറിയായെ ചിലർ നട്ടം തിരിയുന്ന കാഴ്ച്ചയും ഇവിടെ പതിവാണ്.
Post Your Comments