ലാത്തൂര്‍ : ഇന്ത്യന്‍ ടെലികോം ശൃംഖലയില്‍ പാകിസ്താന്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം. ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനാണ് പാകിസ്താന്‍ ചാര സംഘടന നുഴഞ്ഞു കയറിയത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ടെലികോം വകുപ്പും ചേര്‍ന്ന് വെള്ളിയാഴ്ച്ച നടത്തിയ റെയ്ഡില്‍ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ രണ്ട് അനധികൃത ടെലഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തി. ജനുവരി മുതല്‍ നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്ന നാലാമത്തെ അനധികൃത എക്സ്ചേഞ്ചാണിത്. ഡല്‍ഹിയിലും ഹൈദരാബാദിലും ഭോപ്പാലിലും ആണ് ഇതിനു മുമ്പ് ഇത്തരത്തില്‍ അനധികൃത എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ ടെലകോം നെറ്റ് വര്‍ക്കില്‍ കയറിക്കൂടി വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍(VOIP) അടിസ്ഥാനമായുള്ള സന്ദേശകൈമാറ്റങ്ങള്‍ ഉപയോഗിച്ച് സൈന്യത്തിന്റെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു ഉദ്ദേശം. ജമ്മുകശ്മീര്‍ ആസ്ഥാനമായുള്ള സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ രഹസ്യ വിവരങ്ങള്‍ അടിസ്ഥാനമാക്കി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌കാഡും ലാത്തൂര്‍ പോലീസും ടെലികോം വിഭാഗവും സംയുക്തമായി ലാത്തൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത ടെലികോം ശൃംഖല കണ്ടെത്തിയത്. 96 സിം കാര്‍ഡുകള്‍, ഒരു കമ്പ്യൂട്ടര്‍, മൂന്ന് യന്ത്രങ്ങള്‍ എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തു.
ആറ് മാസത്തോളമായി ഈ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിട്ട്. 33കാരനായ യുവാവാണ് നടത്തിപ്പുകാരന്‍. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വാലാണ്ടി ഗ്രാമത്തിലെ കടയില്‍ നിന്ന് രണ്ട് അന്താരാഷ്ട്ര ഗേറ്റ് വേകളും 14 സിം കാര്‍ഡുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. ജാന്‍വാള്‍ ജില്ലയിലെ വാടകക്കെട്ടിടത്തിലാണ് രണ്ടാമത്തെ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് 64 സിം കാര്‍ഡുകളും ഒരു ലാപ്ടോപ്പും രണ്ട് അന്താരാഷ്ട്ര ഗേറ്റ്‌വേകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു.
Post Your Comments