മാവേലിക്കര:വിദേശകമ്പനി അവധി നിഷേധിച്ചതിനെ തുടർന്ന് നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരാനാകാതെ വരന്‍ കുടുങ്ങി. വീട്ടുകാർ സുഷമാ സ്വരാജിന് ഇമെയിൽ അയച്ചു വിദേശ മന്ത്രാലയം ഇടപെട്ടു അവധി അനുവദിച്ചെങ്കിലും വീണ്ടും കമ്പനി അധികൃതർ അവധി നിഷേധിക്കുകയായിരുന്നു.മാവേലിക്കര ഇറവങ്കര ഗീതാഭവനില്‍ ശ്രീജിത്ത് യശോധരനാണ് കമ്പനിയില്‍ നിന്ന് അവധി ലഭിക്കാത്തതിനാല്‍ വിവാഹത്തിന് വരാന്‍ കഴിയാതിരുന്നത്.
കുവൈത്തില്‍ ഗള്‍ഫ് റെന്റ് കാര്‍പ്പോ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെ വിവാഹം ശിവഗിരി സ്വദേശിനിയുമായി തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. നാട്ടില്‍ കുടുംബം വിവാഹ ഒരുക്കങ്ങളെല്ലാം നടത്തി കാത്തിരിക്കുകയാണ്.കമ്പനി അധികൃതരുമായി സംസാരിച്ച ശേഷമായിരുന്നു വിവാഹതീയതി നിശ്ചയിച്ചിരുന്നത്.പക്ഷെ പിന്നീട് കമ്പനി നിലപാട് മാറ്റുകയായിരുന്നു. തുടർന്നാണ് സുഷമാ സ്വരാജിന് വീട്ടുകാർ ഇമെയിൽ അയച്ചതും വിദേശ മന്ത്രാലയം ഇടപെട്ടതും.
തുടർന്ന് കമ്പനി അവധി നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ വിവാഹ തീയതി അടുത്തതോടെ കമ്പനി അധികൃതർ വീണ്ടും അവധി നിഷേധിക്കുകയായിരുന്നു. ഇതോടെ രണ്ടാമതും വിദേശകാര്യമന്ത്രിക്ക് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.സുഷമാ സ്വരാജ് കനിഞ്ഞാലേ ഇനി ശ്രീജിത്തിന്റെ വിവാഹം നടക്കൂ എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഇരു വീട്ടുകാരും കാത്തിരിക്കുകയാണ്.
Post Your Comments