തിരുവനന്തപുരം: ഇന്ന് പിഎസ് സി എൽഡി ക്ലർക്ക് പരീക്ഷയുടെ ആദ്യ ഘട്ടം നടക്കും. 17,94,091 പേരാണ് 6 ഘട്ടങ്ങളിലായി പരീക്ഷ എഴുതുന്നത്. പിഎസ് സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷക്കാണ് ഇന്ന് തുടക്കമാകുന്നത്.
തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്കാണ് ഇന്ന് പരീക്ഷ. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർക്ക് തിരുവനന്തപുരത്തിന് പുറത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം,ആലപ്പുഴ എന്നീ ജിലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
മലപ്പുറത്തുകാർക്ക് തൃശൂരിലും കോഴിക്കോടും പാലക്കാടും പരീക്ഷാകേന്ദ്രങ്ങലുണ്ട്. ആദ്യ ഘട്ടത്തിൽ ആകെ 9 ജില്ലകളിലായി 1637 പരീക്ഷാ കേന്ദ്രങ്ങൾ. ഏറ്റവും അധികം അപേക്ഷകരുള്ളത് തിരുവനന്തപുരത്താണ്. 2.29 ലക്ഷം പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
വിവിധ ജില്ലകളിലെ അപേക്ഷകർക്കായി 6 ഘട്ടങ്ങളിലായാണ് പരീക്ഷ. ആഗസ്റ്റ് 26 നാണ് അവസാനഘട്ട പരീക്ഷ. ഉച്ചക്ക് ഒന്നരക്ക് ഹാളിൽ പ്രവേശിക്കണം. 3.15 വരെയാണ് പരീക്ഷ, ഈ വർഷം അവസാനത്തോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമന നടപടി തുടങ്ങാനാണ് പിഎസ് സിയുടെ ശ്രമം.
Post Your Comments