ന്യൂഡല്‍ഹി : ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുമായി ഇന്ത്യ. യുദ്ധവേളയില്‍ ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് പുതിയ മിസൈല്‍ നിര്‍മ്മിച്ചത്. ഇതാദ്യമായാണ് സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ധിപ്പിക്കുന്ന ആയുധം ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്നത്. തദ്ദേശീയമായി നിര്‍മ്മിച്ച ന്യൂ ജനറേഷന്‍ ആന്റി റേഡിയേഷന്‍ മിസൈല്‍ ആണ് ഇന്ത്യ പരീക്ഷിക്കാനൊരുങ്ങുന്നത്.
140 കിലോ ഭാരമുള്ള മിസൈല്‍ ദ്രാവക ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുക. സുഖോയ്, തേജസ്, ജഗ്വാര്‍, മിറാഷ് വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് മിസൈലിന്റെ രൂപകല്പന. 100 കിലോമീറ്ററാണ് മിസൈലിന്റ പരിധി. ആകാശത്തു നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കുന്ന മിസൈലിന്റെ പരീക്ഷണത്തിന് ശേഷം കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടാകും. സുഖോയ് 30 എംകെഐ വിമാനത്തില്‍ നിന്നാകും മിസൈല്‍ പരീക്ഷിക്കുക.
ശത്രുവിന്റെ റഡാര്‍ നിരീക്ഷണ സംവിധാനങ്ങളെ കണ്ടെത്തി തകര്‍ക്കുകയാണ് മിസൈല്‍ ചെയ്യുക. അതിവേഗത്തില്‍ ശത്രുവിനെ ഇരുട്ടിലാക്കുകയാണ് ഇതിലൂടെ ചെയ്യുക. ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ തകര്‍ക്കുക എന്നതാണ് യുദ്ധവേളകളില്‍ സൈനിക വിഭാഗങ്ങള്‍ ആദ്യം ചെയ്യുക. ശത്രുവിന്റെ മേഖലയിലേക്ക് കടന്നുകയറാന്‍ ഇത് അത്യാവശ്യമാണ്. തീരുമാനിച്ചതു പ്രകാരം കാര്യങ്ങള്‍ നടന്നാല്‍ നവംബറില്‍ മിസൈലിന്റെ പരീക്ഷണമുണ്ടാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments