ആലപ്പുഴ : ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവറും സംഘവും. സ്റ്റെയർ കെയ്സിൽ നിന്നും താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുള്ള കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിൽ 65 മിനിറ്റ് കൊണ്ട് എത്തിച്ച് ആംബുലൻസ് ഡ്രൈവർ.
പുന്നപ്ര പറവൂർ സ്വദേശികളായ അർഷാദ്-നസ്നി ദമ്പതികളുടെ മകൻ മൊഹമ്മദ് അർഫാനാണ് പരിക്കേറ്റത്. സ്റ്റെയർ കെയ്സിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ഉടൻ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിൽസയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്നും, ഒരു മണിക്കൂറിനകം കൊച്ചിയിൽ എത്തിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.
പിന്നീട് അരങ്ങേറിയത് ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു. കുട്ടിയുമായി ആംബുലൻസ് ഡ്രൈവർ ബെൻസൻ കുതിച്ചു. ഒപ്പം കുട്ടിയ്ക്ക് അടിയന്തര വൈദ്യ സഹായത്തിനായി എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിഷ്ണുവും ഒപ്പമുണ്ടായിരുന്നു. ഒരു പോലീസ് പൈലറ്റ് വാഹനവും ആംബുലൻസിന് വഴിയൊരുക്കി.
വെള്ളിയാഴ്ച വൈകുന്നേരം 5.25 ന് വണ്ടാനത്ത് നിന്ന് പുറപ്പെട്ട വാഹനം 76 കിലോമീറ്റർ താണ്ടി കൃത്യം 6.30 ന് അമൃത ആശുപത്രിയിലെത്തി. ഇപ്പോൾ കുട്ടിയെ അമൃതയിലെ ലൈഫ് സേവ് ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ അപകത്തിലാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
Post Your Comments