വായനയിലൂടെ ജീവിതം മാറിമറിയുന്ന കഥ നമ്മള്‍ കണ്ടും കെട്ടും അറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എഴുത്തിലെ ശതകോടീശ്വരിയെ പരിചയപ്പെടാം. വിഷാദത്തിന്‍റെ നടുക്കടലില്‍ നിന്നും എഴുത്തിലൂടെ ജീവിതം തിരിച്ചു പിടിച്ച വ്യക്തിയാണ് ജെ കെ റൗളിങ്. എഴുത്തിന്റെ ലോകത്തെ ഏറ്റവും സമ്പന്നയാണ് ഇപ്പോള്‍ ജെ കെ റൗളിങ്. ഫോബ്‌സിന്റെ ഏറ്റവും പുതിയ സെലിബ്രിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനമാണ് റൗളിങ് സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തെ മുഴുവന്‍ മായാവലയത്തിലാഴ്ത്തിയ ഹാരി പോര്‍ട്ടര്‍ സീരിസിലൂടെയാണ് റൗളിങ് ശ്രദ്ധേയയായത്.
ബ്രിട്ടീഷ് നോവലിസ്റ്റായ റൗളിങ്ങിന്റെ വരുമാനം 600 കോടി രൂപയാണെന്നാണ് ഫോബ്‌സിന്റെ പുതിയ കണക്കുകള്‍ പറയുന്നത്. മൂന്ന് വര്‍ഷത്തിനു ശേഷമാണ് ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി സെലിബ്രിറ്റി പട്ടികയിലേക്ക് തിരിച്ചെത്തുന്നത്.
ടോപ് ടെന്‍ പട്ടികയില്‍ പെട്ട രണ്ട് ബ്രിട്ടീഷുകാരില്‍ ഒരാളാണ് റൗളിങ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റൗളിങ്ങിന്റെ ഹാരി പോര്‍ട്ടര്‍ ആന്‍ഡ് ദി കഴ്‌സ്ഡ് ചൈല്‍ഡ് നമ്പര്‍ വണ്‍ ബെസ്റ്റ് സെല്ലര്‍ ആയിരുന്നു. ആഭ്യന്തരതലത്തില്‍ മാത്രം ഇതിന്റെ 4.5 ദശലക്ഷം കോപ്പികള്‍ വിറ്റുപോയി. ഇതാണ് റൗളിങ്ങിനെ പട്ടികയില്‍ മുന്‍നിരയില്‍ എത്തിച്ചത്.
ഹാരി പോര്‍ട്ടര്‍ സീരിസിലെ ആദ്യ പുസ്തകം പുറത്തിറങ്ങിയത് 1997ലായിരുന്നു. വിവാഹമോചനവും ദാരിദ്ര്യവും ഉള്‍പ്പടെയുള്ള അതിരൂക്ഷമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു റൗളിങ് പുസ്തകം പുറത്തിറക്കിയത്. അതിനു ശേഷം റൗളിങ്ങിന്‍റെ കൃതികള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമാവുകയും റൗളിങ് സമ്പന്നതയുടെ മുകളിലേക്ക് എത്തുകയും ചെയ്തു
Post Your Comments