ന്യൂഡല്‍ഹി: വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഏകദേശ ധാരണയായി. ബി.ജെ.പിയുടെ കരുത്തുറ്റ നേതാവും ലോകനേതാക്കളുടെ ഇടയില്‍ പ്രിയങ്കരിയുമായ സുഷമാ സ്വരാജ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന. ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കുന്ന സൂചനയെ അടിസ്ഥാനമാക്കി ഒരു ദേശീയ മാദ്ധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയതത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ട് വച്ച എല്ലാ യോഗ്യതകളും ഉള്ള നേതാവാണ് സുഷമാ സ്വരാജ്. സ്ഥാനാര്‍ത്ഥിയായി നിരവധി പേരെ പരിഗണിച്ചെന്നും എന്നാല്‍ സംഘപരിവാര്‍ ബന്ധമില്ലാത്ത ഒരാളെ ഈ പദവിയിലേക്ക് കൊണ്ടു വരാന്‍ പാര്‍ട്ടിയ്ക്കകത്ത് ഭൂരിഭാഗം പേര്‍ക്കും താത്പര്യമില്ലെന്നുമാണ് ഒരു ബി.ജെ.പി നേതാവ് പ്രതികരിച്ചത്. ബി.ജെ.പി രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്നതും എന്നാല്‍ സംഘപരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുമായ ഒരാളെയുമാണ് പാര്‍ട്ടി പരിഗണിക്കുന്നത്.
തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടനല്‍കാതെ പൊതുസമ്മതനായ വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. കൂടാതെ സ്ഥാനാര്‍ത്ഥിയാകുന്ന വ്യക്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ്.എസ് നേതൃത്വത്തിനും സമ്മതനാകുകയും വേണം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കുള്ള നറുക്ക് സുഷമയ്ക്ക് തന്നെ വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സുഷമയാണെങ്കില്‍ മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്ക് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ എതിര്‍ക്കാന്‍ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സുഷമാ സ്വരാജുമായി ബന്ധമുള്ള വൃത്തങ്ങള്‍ തയ്യാറായില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു കൊണ്ടുള്ള ബി.ജെ.പിയുടെ അന്തിമ പ്രഖ്യാപനം വരുമെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് ഇവരുടെ നിലപാട്.
അതിനിടെ, സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയ സമിതിയിലെ അംഗങ്ങളായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.ജൂണ്‍ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശനത്തിന് പുറപ്പെടുകയാണ്. ഇതിന് മുമ്പ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുമെന്നാണ് സൂചന.
Post Your Comments