തിരുവനന്തപുരം: എല്ലാ കാര്യത്തിലും കൃത്യനിഷ്ഠ വെച്ച് പുലർത്തുന്ന മെട്രോമാൻ ഇ ശ്രീധരനെ മിൽമയുടെ പുരസ്‌കാര ദാന ചടങ്ങിൽ കാത്തിരുത്തിയത് മണിക്കൂറോളം.മിൽമ പുരസ്‌കാര ജേതാവായ ഇ ശ്രീധരൻ ചടങ്ങിന്റെ ഉദ്ഘാടകനായ മന്ത്രി കെ രാജുവിനെയാണ് കാത്തിരുന്നു വലഞ്ഞത്. ചടങ്ങിൽ അഞ്ചു മിനിറ്റ് മുൻപേ തന്നെ മെട്രോമാൻ സ്ഥലത്തെത്തി.എന്നാൽ സംഘാടകരെയും മെട്രോമാനെയും വെട്ടിലാക്കി മന്ത്രി എത്തിയത് ഒരുമണിക്കൂർ കഴിഞ്ഞും.
രാജ്യം ആദരിക്കുന്ന ശ്രീധരനെ ഓഡിറ്റോറിയത്തിലെ കുടുസു മുറിയിൽ കാത്തിരുത്തി. തുടർന്ന് മന്ത്രി ഉടനെത്തുമെന്നു പല തവണ അനൗൺസ്‌മെന്റും മുഴക്കി. തുടർന്ന് അരമണിക്കൂർ കഴിഞ്ഞു ശ്രീധരനെ വേദിയിലേക്ക് കൊണ്ടുപോയി. തുടർന്ന് മെട്രോമാനെ പുകഴ്ത്തുന്നതിൽ പ്രാസംഗികർക്ക് മത്സരമായി. കേട്ടറിവും പൊടിപ്പും തൊങ്ങലും വെച്ച് മഹാത്മാ ഗാന്ധിയെയും നെഹ്രുവിനെയും വരെ ശ്രീധരനോട് ഉപമിച്ചു.
സ്വാതന്ത്ര്യ സമര ചരിത്രം വിളമ്പാനും ചില വിരുദ്ധർ മറന്നില്ല.എന്തായാലും ഇതെല്ലാം കേട്ട് നിശബ്ദനായി വേദിയിൽ ശ്രീധരൻ ഇരുന്നു. ഒരുമണിയോടെ മന്ത്രി എത്തുകയും അതിവേഗം പുരസ്‌കാര ദാനം നടത്തുകയും ഫോട്ടോയെടുപ്പ് നടത്തുകയും ചെയ്ത് സ്ഥലം വിട്ടു.പിന്നീട് അര മണിക്കൂർ കൂടി കഴിഞ്ഞാണ് ചടങ്ങുകൾ അവസാനിച്ചത്.നന്ദിയോട് രാജൻ സ്മാരക പുരസ്കാരമായിരുന്നു മെട്രോമാന് നൽകിയത്.
Post Your Comments