കൊച്ചി : സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ രാജ്യം സര്‍വകാല റെക്കോര്‍ഡ് കരസ്ഥമാക്കി. മൂല്യത്തിലും അളവിലും ഒരു പോലെയാണ് ഈ നേട്ടം. ലോകത്തെമ്പാടും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെയാണ് ഈ നേട്ടമെന്നത് ഇന്ത്യന്‍ സുഗന്ധവ്യഞ്ജനത്തിന്റെ വിശ്വാസ്യതയ്ക്ക് മുതല്‍ക്കൂട്ടായി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9,47,790 ടണ്‍ വരുന്ന 17,664.61 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 8,43,255 ടണ്ണും, 16,238 കോടി രൂപയുമായിരുന്നു.
ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പ് പരിഗണിച്ച് സ്പൈസസ് ബോര്‍ഡ് എടുത്ത കര്‍ശന പരിശോധനകളുടെ കൂടി ഫലമാണിത്.
കനത്ത വെല്ലുവിളികള്‍ നിറഞ്ഞ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികച്ച പ്രകടനത്തോടെയാണ് സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചതെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ എ ജയതിലക് പറഞ്ഞു. അന്താരാഷ്ട്ര വിപണനത്തിലെ എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ നേട്ടമെന്നത് ഏറെ സംതൃപ്തി നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പന്ത്രണ്ട് ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തേതില്‍ തട്ടിച്ചു നോക്കിയാല്‍ ഉണ്ടായിരിക്കുന്നത്. രൂപക്രമത്തില്‍ കയറ്റുമതി വളര്‍ച്ച ഒന്‍പതു ശതമാനവും ഡോളര്‍ വിനിമയ നിരക്കനുസരിച്ച് വിദേശ നാണ്യം ആറു ശതമാനവും കൂടി. കയറ്റുമതി രംഗത്തെ ഇഷ്ട ഉത്പന്നമായി മുളക് തുടര്‍ന്നു. ആകെ കയറ്റുമതിയുടെ ഏതാണ്ട് നാല്‍പത് ശതമാനത്തിലധികം മുളകാണ്. 5,070.75 കോടി രൂപയാണ് മുളക് കയറ്റുമതിയില്‍ നിന്നുള്ള വരുമാനം. അളവില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് മുളകില്‍ ഉണ്ടായതെങ്കില്‍ മൂല്യം 27 ശതമാനം കൂടി. തൊട്ടു പിന്നില്‍ നില്‍ക്കുന്നത് ജീരകമാണ്. ജീരകത്തിന്റെ കയറ്റുമതി അളവില്‍ 22 ശതമാനവും മൂല്യത്തില്‍ 28 ശതമാനവുമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 1963.20 കോടി വിലമതിക്കുന്ന 1,19,000 ടണ്‍ ജീരകമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം കയറ്റുമതി ചെയ്തത്.
Post Your Comments