യുഎഇ: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്കു പറക്കാം. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി നടത്തിയ സമയോചിതമായ ഇടപെടലാണ് നിരോധനം ഒഴിവാകുന്നതിനു വഴിവച്ചതെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ ഇറാന്‍, പാക്കിസ്ഥാന്‍ വഴിയാണ് ഖത്തറിനു പോയിരുന്നത്. ഒരു മണിക്കൂറോളം സമയനഷ്ടമാണ് ഇത് മൂലം ഉണ്ടായിരുന്നത്. കേരളത്തില്‍നിന്നുള്ള വിമാനങ്ങള്‍ 50 മിനിറ്റ് അധികവും മുംബൈയില്‍നിന്ന് 25 മിനിറ്റ് അധികവും പറക്കേണ്ടിവന്നിരുന്നു. ഖത്തറിലുള്ള ആറു ലക്ഷത്തോളം ഇന്ത്യക്കാര്‍ പ്രതിസന്ധിയിലായതോടെ ഇന്ത്യന്‍ അംബാസഡര്‍ വിഷയം യുഎഇ അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.
ഇതോടെ വിഷയത്തില്‍ ഇടപെട്ട യുഎഇ ഭരണാധികാരികള്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് നിരോധനം ഇല്ലെന്നു വിശദീകരിക്കുകയായിരുന്നു. ഖത്തറില്‍ നിന്ന് അവധിക്കാലത്തു നാട്ടിലേക്കു പോരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്. സയമദൈര്‍ഘ്യം ഉണ്ടായതോടെ നിരക്ക് ക്രമാതീതമായി ഉയരുമെന്ന ആശങ്കയും ഉടലെടുത്തിരുന്നു.ഇതോടെ ജെറ്റ് എയര്‍വെയ്‌സും ഇന്‍ഡിഗോയും യുഎഇ വഴി ഖത്തര്‍ സര്‍വീസ് പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്തു തന്നെ ഇതുവഴി സര്‍വീസ് ആരംഭിക്കും.
Post Your Comments