അപൂർവ അംഗീകാരം തേടി എത്തിയിരിക്കുകയാണ് നടൻ ബാലചന്ദ്ര മേനോന്. സിനിമയിൽ എത്തി 40 വർഷത്തിന് ശേഷമാണ് ബാലചന്ദ്ര മേനോനെ തേടി അംഗീകാരം എത്തിയിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ തവണ രചന, അഭിനയം, സംവിധാനം എന്നിവ ഒന്നിച്ചു ചെയ്ത വ്യക്തി എന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. സംവിധയകനായ അടൂർ ഗോപാലകൃഷ്ണൻ ആണ് ഇത് പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇതിനു നന്ദിപറഞ്ഞു ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് അദ്ദേഹം. ‘ലോകത്തില്‍ ഒന്നാമന്‍’ എന്ന അദ്ദേഹത്തിന്റെ പോസ്റ്റ് ഇതിനോടകം രണ്ടു ലക്ഷത്തിനു മുകളിൽ റീച് ആയിക്കഴിഞ്ഞു.
ബാലചന്ദ്ര മേനോന്റെ ഫേസ് ബുക്ക് പോസ്റ്റ് :
ഒരുപാട് സന്തോഷമുണ്ട് മനസ്സിന്. ആ സന്തോഷം മറ്റുള്ളവരുമൊത്തു പങ്കിടുക എന്നത് അതിലും സന്തോഷകരമായ കാര്യമാണ്. ‘ലോകത്തില്‍ ഒന്നാമന്‍ ‘ എന്ന എന്റെ പോസ്റ്റ് ഇതിനകം തന്നെ രണ്ടു ലക്ഷത്തിനു മീതെ റീച് ആയിക്കഴിഞ്ഞു. നിങ്ങള്‍ കലവറയില്ലാതെ എന്നെ അഭിനന്ദിക്കുകയും ചെയ്തു. വളരെ വളരെ സന്തോഷമുണ്ട്. ഇന്നലെ രാത്രിയില്‍ ന്യൂജേഴ്സിയിലുള്ള മകള്‍ ഭാവനയുമായി സ്‌കൈപ്പില്‍ സംസാരിക്കവെ അവള്‍ തമാശരൂപേണയാണെങ്കിലും ഒരു കാര്യം പറഞ്ഞു.
‘അച്ഛാ, ഇങ്ങനെ നിരന്തരമായി ഇതേ സംബന്ധിച്ച് പോസ്റ്റുകള്‍ വന്നാല്‍ ഫെസ്ബുക്ക് മിത്രങ്ങള്‍ അഭിനന്ദിച്ച്, നിരന്തരം അഭിനന്ദിച്ചു ക്ഷീണിതരാവും. അതിനൊരു പരിഹാരം അച്ഛന്‍ തന്നെ കാണണം.’ അവള്‍ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി . ചടങ്ങു കഴിഞ്ഞു വന്ന റിപ്പോര്‍ട്ടുകളില്‍ മിക്കതും പുറത്തുകൊണ്ടുവന്ന ആശയം ‘റോസസ്സ് ദി ഫാമിലി ക്ലബ്ബ് ‘ എന്റെ നാല്‍പ്പതാം വര്‍ഷം എന്നെ ആദരിച്ചു ‘ എന്നാണു. റോസെസ്സ് ഫാമിലി ക്ലബ് എന്നെ ആദരിക്കുന്നതിനു വേണ്ടിയല്ല, മറിച്ചു ലോകസിനിമയില്‍ എനിക്ക് വന്ന റെക്കോര്‍ഡ് ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രഖ്യാപിക്കുന്നതു പൊതു ജനസമക്ഷം ശ്രദ്ധയില്‍ വരണം എന്നായിരുന്നു ആശയം. അത് വിഫലമായപ്പോള്‍ ഈ സന്തോഷവാര്‍ത്തമാനം നിങ്ങളില്‍ എത്തിക്കാന്‍ ഞാന്‍ അവലംബിച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്ന് ഫേസ്ബുക്കാണ്.
ഒരു പനി വന്നാല്‍ മാറാന്‍ ഒരു നേരം കഴിയണം എന്ന് പറയുന്നതുപോലെ ഈ ലോക റെക്കോര്‍ഡിന്റെ പ്രചാരണത്തിന്റെ കാര്യത്തിലും ഒരല്പ സമയം വേണ്ടിവരും. ഞാനാകട്ടെ ഫാന്‍സ് അസോസിയേഷന്‍ എന്ന കാര്യം ആയ കാലത്തേ ഉപേക്ഷിച്ച ആളാണ്. അതുകൊണ്ടു എന്റെ സന്തോഷം ഞാന്‍ നേരിട്ട് എത്തിക്കാന്‍ ബാധ്യസ്ഥനുമാണ്. അതുകൊണ്ടു ഇനീം ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വരുമ്പോള്‍ ‘അയ്യോ, ബാലചന്ദ്ര മേനോന്റെ പോസ്റ്റ് വന്നല്ലോ എന്ന് കരുതി വീണ്ടും അഭിനന്ദിക്കണമല്ലോ’ എന്ന ബേജാര്‍ വേണ്ട . ഞാന്‍ നിങ്ങളുടെ വാത്സല്യം നിങ്ങളുടെ അക്ഷരങ്ങളിലൂടെ അറിയുന്നുണ്ട്. കമന്റുകള്‍ മാത്രം, ഉണ്ടെങ്കില്‍, അയച്ചുകൊള്ളൂ.
ഇവിടെ കാണുന്ന ഫോട്ടോ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഊട്ടിയില്‍ പോയപ്പോള്‍ എടുത്തതാണ്. ആ ഫോട്ടോക്ക് ഒരു വലിയ അര്‍ത്ഥമുണ്ട്. എന്നെ കൊതിപ്പിക്കുന്ന ആ കുമിളകളുടെ സ്ഥാനമേ നമ്മുടെ ജീവിതത്തിനുള്ളതെന്നു അങ്ങേയറ്റം മനസ്സിലാക്കിയിട്ടുള്ള ആളാണ് ഞാന്‍. ലോകത്തില്‍ ഒന്നാമനായിട്ടും എന്റെ ആ വീക്ഷണത്തിനു മാറ്റമുണ്ടായിട്ടില്ല. അതേ സമയം കൊച്ചു കൊച്ചു കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ഒരു മനസ്സും എനിക്ക് ദൈവം തന്നിട്ടുണ്ട് . അപ്പോള്‍ ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഒന്ന് ആനന്ദിച്ചോട്ടെ, അല്ലെ? നിങ്ങള്‍ക്ക് ബോറടിക്കാതെ ഞാന്‍ ശ്രദ്ധിച്ചോളാം.
Post Your Comments