Latest NewsNewsInternational

ഖത്തര്‍ പ്രതിസന്ധി : മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് പാകിസ്ഥാന്‍

 

റിയാദ് : ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് പാകിസ്ഥാനും രംഗത്തെത്തി. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ രംഗത്തെത്തുന്നത്.

തിങ്കളാഴ്ച്ച വൈകിട്ട് റിയാദിലെത്തിയ പാക്ക് പ്രധാനമന്ത്രി നവാസ ഷെരീഫ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പാക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, സൈനികമേധാവി ഖ്വമര്‍ ജാവേജ് ബജ്‌വ എന്നിവരും പാക്ക് പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. വരുംദിവസങ്ങളില്‍ നവാസ് ഷെരീഫ് യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ ഭരണാധികാരികളുമായും ചര്‍ച്ച നടത്തിയേക്കും.

നേരത്തെ, കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി ബന്ധപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുവൈറ്റ് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, രാഷ്ട്രീയ വിഷയത്തെ മനുഷ്യാവകാശ പ്രശ്‌നമായി ഖത്തര്‍ ഉയര്‍ത്തിക്കാണിക്കുകയാണെന്ന് യുഎഇ കുറ്റപ്പെടുത്തി. തീവ്രവാദപ്രസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് മാറ്റിയാണ് ഖത്തര്‍ പ്രശ്‌നപരിഹാരത്തിന് തയാറാകേണ്ടതെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഖത്തറിനെതിരായ നടപടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്തുണയുമായി ആഫ്രിക്കന്‍ രാജ്യം എറിത്രിയയും രംഗത്തെത്തിയിട്ടുണ്ട്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button