![](/wp-content/uploads/2017/06/sushama-pak-boy-2-6-2017-1.jpg.image_.784.410.jpg)
ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നുള്ള രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെ ചികിൽസയ്ക്കായി ഇന്ത്യയിലെത്തിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഉറപ്പിനെ തുടർന്നാണ് പാകിസ്ഥാനിൽ നിന്ന് കുഞ്ഞെത്തിയത്. സുഷമയുടെ ഇടപെടലിനെ തുടർന്നാണ് കുഞ്ഞിന് നാലുമാസത്തേക്കു മെഡിക്കൽ വീസ അനുവദിച്ചത്. ഡൽഹിയിലെ ജെയ്പീ ആശുപത്രിയിലാണ് ഹൃദയ ശസ്ത്രക്രിയയ്ക്കായി കുട്ടിയെ എത്തിച്ചത്. കുഞ്ഞിന്റെ പിതാവ് ട്വിറ്ററിലൂടെ പ്രശ്നങ്ങൾ സുഷമയെ അറിയിച്ചതിനെ തുടർന്നാണ് കയ്യോടെ മെഡിക്കൽ വീസ അനുവദിച്ചത്.
പാക്കിസ്ഥാനിൽ പാക്ക് പൗരനായ കെൻ സിദ് തന്റെ മകൻ രോഹനു ചികിൽസയ്ക്കു സൗകര്യമില്ലെന്നും ഇന്ത്യയിലെത്തി ഹൃദയ ശസ്ത്രക്രിയ നടത്താൻ വീസ പ്രശ്നമായിരിക്കുകയാണെന്നുമുള്ള വിവരം സുഷമയുടെ ശ്രദ്ധയിൽ പെടുത്തി. മെഡിക്കൽ വീസ നൽകാമെന്നു വാഗ്ദാനം ചെയ്ത സുഷമ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനെ ബന്ധപ്പെടാനും നിർദേശിച്ചു. കെൻ സിദ് അങ്ങനെ ചെയ്തപ്പോൾ അവർക്കു കുഞ്ഞുമായി ഇന്ത്യയിലേക്കു വരാൻ ഉടനെ മെഡിക്കൽ വീസ അനുവദിക്കുകയായിരുന്നു.
ഹൃദയത്തിലുള്ള ദ്വാരം അടയ്ക്കുന്നതിനാണ് രോഹന്റെ ശസ്ത്രക്രിയ. കുഞ്ഞ് ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വാഗ അതിർത്തിവഴിയാണ് രോഹൻ രക്ഷിതാക്കൾക്കൊപ്പം ഇന്ത്യയിൽ എത്തിയത്.
Post Your Comments