തിരുവനന്തപുരം : കണ്ണൂരിനെ വിറപ്പിച്ച പുള്ളിപ്പുലി ഇനിമുതല്‍ തിരുവനന്തപുരം മൃഗശാലയിലെ സന്ദര്‍ശകര്‍ക്ക് മുന്നിലെത്തും. നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി പാര്‍ക്കിലെ മൂന്ന് മാസത്തെ ചികിത്സയ്ക്കും നിരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് പുലിയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചിരിക്കുന്നത്. കണ്ണൂരില്‍ ഭീതി സൃഷ്ടിച്ച പുലിയെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം കഴിഞ്ഞ മാര്‍ച്ച് ആറിനാണ് നെയ്യാര്‍ ഡാമിലെത്തിച്ചത്.
തുടര്‍ന്ന് മൂന്നു മാസത്തോളം ലയണ്‍ സഫാരി പാര്‍ക്കിലെ ഇരുമ്പു കൂട്ടിലടച്ച് പുലിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ വീട്ടില്‍ വളര്‍ത്തിയ പുലിയാണിതെന്നും, പുലിയെ ഷാംപു തേച്ച് കുളിപ്പിക്കാറുണ്ടെന്നും തുടങ്ങിയ പല കഥകളും പ്രചരിച്ചിരുന്നു. കണ്ണൂരിലെ ഒരു വ്യവസായിയുടെ വീട്ടിലെ പുലിയാണെന്ന് വരെ കഥകളും പുറത്തു വന്നിരുന്നു. പുലിയെ മുഴുവന്‍ സമയവും നിരീക്ഷിക്കാനായി കൂട്ടിനുള്ളില്‍ രഹസ്യ ക്യാമറകളും സ്ഥാപിച്ചിരുന്നു.
മൂന്നു മാസത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഈ പുലിക്ക് സ്വന്തമായി ഇര തേടാനുള്ള കഴിവ് ഇല്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ഇതുകൂടി പരിഗണിച്ചാണ് പുലിയെ മൃഗശാലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ നെയ്യാര്‍ ഡാമിലെത്തിയ മൃഗശാല അധികൃതര്‍ പുലിയെ ഏറ്റുവാങ്ങി. പത്ത് വയസ് പ്രായമുള്ള പുലിക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ അറിയിച്ചത്.
Post Your Comments