Latest NewsKeralaNews

സിംഹാസനം എടുത്ത് മാറ്റിയ സംഭവം: നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി

തിരുവനന്തപുരം•മിത്രാനന്ദപുരം കുളത്തിന്റെ സമർപ്പണ ചടങ്ങിന്റെ വേദിയില്‍ നിന്ന് സിംഹാസനം എടുത്ത് മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രണ്ടോ മൂന്നോ പേർക്ക്‌ ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളിൽ ആവശ്യമില്ല. അതിലെ അനൗചിത്യം ചൂണ്ടികാട്ടിയാണ്‌ ഞാൻ ‘സിംഹാസനം’ എടുത്ത്‌ മാറ്റിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശൃംഗേരി മഠാധിപതിക്ക്‌ പകരമെത്തിയ മറ്റൊരു സ്വാമി സിംഹാസനം കാണാത്തതിനാൽ വേദിയിൽ കയറാതെ പോയെന്ന് വാർത്തകളിൽ കണ്ടു. ഒന്നര കോടി രൂപ ചിലവാക്കി സംസ്ഥാന സർക്കാർ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമർപ്പണ ചടങ്ങിൽ ശൃംഗേരി മഠാധിപതി ശ്രീ ഭാരതിതീർത്ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയൊ അതിഥിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ്‌ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ വേദിയിലെ സിംഹാസനം കണ്ട്‌ തിരക്കിയപ്പോൾ മഠാധിപതി വന്നാൽ ഇരുത്താനാണെന്ന് അഡ്മിനിസ്ട്രേറ്റീവ്‌ കമ്മിറ്റിക്കാർ പറഞ്ഞത്‌. മന്ത്രിക്കായാലും മഠാധിപതിക്കായാലും സർക്കാർ പരിപാടിയിൽ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ്‌ ഞാൻ വി.എസ്‌.ശിവകുമാർ എം.എൽ.എയുടെ സഹായത്തോടെ ‘സിംഹാസന’ ഇരിപ്പിടം‌ എടുത്ത്‌ മാറ്റിയത്‌. വേദിയിലുണ്ടായിരുന്ന ഒ.രാജഗോപാലും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനും സിംഹാസനത്തിലെ അനൗചിത്യം മനസ്സിലാക്കിയിരുന്നുവെന്നും മന്ത്രി ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

എന്റെ നിലപാടിൽ ആർക്കും അർത്ഥശങ്ക വേണ്ട. ഏതെങ്കിലും ഒരാൾക്ക്‌ ഇരിക്കാൻ വേണ്ടി മൂന്ന്‌ പേർക്ക്‌ ഇരിക്കാൻ വലുപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങൾ വേദിയിൽ ആവശ്യമില്ല. സർക്കാർ ചടങ്ങിൽ നിന്നും ഇത്തരം സിംഹാസനങ്ങൾ എടുത്തു മാറ്റപ്പെടേണ്ടത്‌ തന്നെയാണെന്നാണ്‌ എന്റെ നിലപാട്‌. അത് ഏത് മതപുരോഹിതന് വേണ്ടിയായാലും- കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button